പാലക്കാട്: ഡിസിസി (DCC List) അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എവി ഗോപിനാഥ് പാര്‍ട്ടി വിട്ടതിനോട് പ്രതികരിച്ച് എവി ​ഗോപിനാഥിന്റെ സഹപ്രവർത്തകനായ രതീഷ് പരുത്തിപ്പുള്ളി. കോൺ​ഗ്രസിൽ രാജാവായി വാഴണോ പിണറായിയുടെ അടുക്കളക്കാരനാകണോയെന്ന കോൺ​ഗ്രസ് നേതാവ് അനിൽ അക്കരെയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി പിണറായിയുടെ ചെരുപ്പ് നക്കുന്നതാണ് ഭേദമെന്ന മറുപടിയുമായാണ് എവി ​ഗോപിനാഥ് (AV Gopinath) കോൺ​ഗ്രസ് വിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് പിന്നാലെയാണ് യൂത്ത് കോൺ​ഗ്രസ് (Youth Congress) പതാകയേന്തി നിൽക്കുന്ന ചിത്രത്തോടൊപ്പം രതീഷ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. കോണ്‍ഗ്രസ് അണികള്‍ ഈ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്. ഗോപിനാഥിന്‍റെ കോണ്‍ഗ്രസിലെ പ്രവർത്തനവും പാർട്ടി നൽകിയ സ്ഥാനമാനങ്ങളും എണ്ണിപ്പറഞ്ഞാണ് രതീഷ് പരുത്തിപ്പുള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.



ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: പ്രിയപ്പെട്ട ലീഡർ എ.വി ഗോപിനാഥ് കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും രാജിവച്ചു! ഞങ്ങളുടെ സ്വന്തം എ.വി.ജി! അമ്പത് വർഷത്തെ പാർട്ടി ജീവിതം അവസാനിപ്പിച്ച് ഗോപിയേട്ടൻ പടിയിറങ്ങി, എൻ്റെ രാഷ്ട്രീയഗുരുവാണ്, ഞങ്ങൾക്ക് ഒരു പാട് പ്രചോദനങ്ങൾതന്ന വ്യക്തിയാണ് ഗോപിയേട്ടൻ, ഞങ്ങളുടെ പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് തുടർച്ചയായി അമ്പത്കൊല്ലം കോൺഗ്രസ്സ് ഭരണത്തിൽ പിടിച്ചുകെട്ടിയ പ്രിയപ്പെട്ട ലീഡർ, ഒരവിടെ പോലും ഞങ്ങൾ ലീഡറെ തളളിപ്പറയില്ല, കോൺഗ്രസ്സ് പാർട്ടിയെ പെരുങ്ങോട്ടുകുറിശ്ശിയിൽ വളർത്തിയതും നിലനിർത്തിയതും ഗോപിയേട്ടൻ തന്നെയാണ് അതിൽ ഒരു തർക്കവും ഇല്ല.


ഗോപിയേട്ടന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് (Assembly Election) മുമ്പ് കൊടുത്ത ചില വാഗ്ദാനങ്ങൾ KPCC നേത്യത്വം പാലിക്കാതെ പോയത് തെറ്റു തന്നെയാണ്, പറഞ്ഞ് പറ്റിച്ചു എന്നു തന്നെ വേണമെങ്കിൽ പറയാം, പക്ഷേ ഇതിലും വലിയ വാഗ്ദാനങ്ങൾ നല്കി പറ്റിച്ച കഥകളും നമ്മുടെ പാർട്ടിയിൽ ഉണ്ട്, KPCC യുടെ പുതിയ നേതൃത്വം ഇതെല്ലാം പരിഹരിക്കും എന്നൊരു വിശ്വാസവും ഉണ്ട്, ഗോപിയേട്ടന് ഇത്രതോളം ക്ഷമിക്കാമെങ്കിൽ കുറച്ച് കൂടി കാത്തിരിക്കാമായിരുന്നു, ഒരു DCC പ്രസിഡൻ്റ് സ്ഥാനം കിട്ടാതതിൻ്റെ പേരിൽ ഗോപിയേട്ടൻ രാജി വച്ച് പോയത് തെറ്റായ ഒരു തീരുമാനം തന്നെയാണ്. ഇതിലും വലിയ പദവികൾ ഗോപിയേട്ടൻ ആവശ്യപ്പെടാതെ തന്നെ ഗോപിയേട്ടന് പാർട്ടി നല്കിയിട്ടുണ്ട്, ഗോപിയേട്ടൻ വഹിച്ചിട്ടും ഉണ്ട്, KSU ആലത്തൂർ താലൂക്ക് പ്രസിഡൻ്റ്, പാലക്കാട് ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി (1979-1984)
പാലക്കാട് ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് (1984-1988) ആലത്തൂർ MLA (1991-1996) തൊഴിലാളി യൂണിയൻ പ്രസിഡൻറ് - മാരിക്കോ, കാംക്കോ, റുബ്ഫില്ല etc. കഞ്ചിക്കോട്
(2002-2015) പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി (2002-2007) പാലക്കാട് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ (2007-2009) എന്നീ നിലകളിൽ പ്രവർത്തിച്ചു, കൂടാതെ പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് 25 വർഷക്കാലം പ്രസിഡൻ്റ് ആയി ചുമതല നിർവ്വഹിച്ചു (1979-95, 2000-05, 2015-2020), നിലവിൽ KPCC എക്സിക്യൂട്ടീവ് മെമ്പറായും, പരുത്തിപ്പുള്ളി ക്ഷീരോത്പാദന സഹകരണ സംഘം ഡയറക്ടറായും, പെരുങ്ങോട്ടുകുറിശ്ശി സഹകരണ ബാങ്ക് പ്രസിഡൻ്റ് ആയും, ഗ്രാമപഞ്ചായത്തിൻ്റെ ആറാം വാർഡ് മെമ്പറായും ചുമതല നിർവഹിക്കുന്നു!


ഗോപിയേട്ടൻ്റെ ഭാഗത്ത് നിന്നും ചിന്തിക്കുമ്പോൾ ഗോപിയേട്ടൻ ഇപ്പോൾ എടുത്ത തീരുമാനം ചിലപ്പോൾ ശരി എന്നു തോന്നാം. എന്നാൽ ഞങ്ങൾക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല, ഒരു കോൺഗ്രസ്സുക്കാരനായ ഗോപിയേട്ടനെ മാത്രമേ ഞങ്ങൾക്ക് അംഗീകരിക്കാനും കഴിയൂ! ഗോപിയേട്ടൻ എപ്പോളും പറയാറുള്ള പോലെ പാർട്ടിയാണ് വലുത് മറിച്ചുള്ളതെല്ലാം താല്കാലികം മാത്രമാണ്, അതെ പാർട്ടിയാണ് നമ്മുക്ക് ഇപ്പോൾ വലുത്! പാർട്ടി ഒരു സെമി കേഡർ സിസ്റ്റത്തിലേക്ക് പോകുന്ന ഈ സമയത്ത് ഓരോ പാർട്ടി പ്രവർത്തകരും, നേതാക്കന്മാരും പാർട്ടിയെ അനുസരിക്കാൻ കൂടി തയ്യറാകണം, പാർട്ടി എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. ഗോപിയേട്ടൻ പത്രസമ്മേളനത്തിൽ പറഞ്ഞ 'പിണറായിയുടെ ചെരുപ്പ് നക്കൽ' ഞങ്ങളെ കിട്ടില്ല, പെരുങ്ങോട്ടുകുറിശ്ശി കോൺഗ്രസ്സ് ഭരണസമിതി 5 കൊല്ലം പൂർത്തിയാക്കുക തന്നെ ചെയ്യും, പുതിയ നേതൃത്വം ഉടൻ തന്നെ ഉണ്ടാകും! ഈ കൊടിയ്ക്ക് താഴെയാണ് ഞാനും, എനിക്ക് എൻ്റെ പാർട്ടിയാണ് വലുത്!


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.