Ration Distribution In Kerala | റേഷൻ വിതരണ പ്രശ്നത്തിന് പരിഹാരമായി, പ്രവർത്തനത്തിന് പ്രത്യേക സമയക്രമം
പുതിയ സമയക്രമം അനുസരിച്ചുള്ള റേഷൻ വിതരണം ജനുവരി 13, വ്യാഴാഴ്ച മുതൽ ആരംഭിച്ചു കഴിഞ്ഞു.
സെർവറിലെ സാങ്കേതിക തകരാർ മൂലം തടസപ്പെട്ട റേഷൻ വിതരണത്തിന് പരിഹാരമാകുന്നു. റേഷൻ കടകളുടെ പ്രവർത്തിന് പ്രത്യേക സമയക്രമം നിശ്ചയിച്ചു കൊണ്ടാണ് ഇതിനുള്ള പരിഹാരം അധികൃതർ കണ്ടെത്തിയത്. ഈ മാസം 18 വരെ പ്രത്യേക സമയക്രമത്തിൽ റേഷൻ കടകൾ പ്രവർത്തിക്കുമെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.
റേഷൻ വിതരണം പൂർണമായി മുടങ്ങിയെന്നുള്ള പ്രചാരണം തെറ്റാണെന്നും സാങ്കേതിക തകരാറിന്റെ പേരിൽ സർക്കാരിനെ പഴിക്കാനും പൊതുവിതരണ രംഗമാകെ കുഴപ്പത്തിലാണെന്നു വരുത്താനുമുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സെർവറിന്റെ ശേഷിയുമായി ബന്ധപ്പെട്ടാണ് സാങ്കേതിക പ്രശ്‌നമുണ്ടായിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഈ പ്രശ്നം പൂർണമായി പരിഹരിക്കുന്നതു മുൻനിർത്തി 18 വരെ രാവിലെ ഏഴു ജില്ലകൾ, വൈകിട്ട് ഏഴു ജില്ലകൾ എന്ന നിലയ്ക്കാകും റേഷൻ വിതരണം ചെയ്യുക.
പുതിയ സമയക്രമം അനുസരിച്ചുള്ള റേഷൻ വിതരണം ജനുവരി 13, വ്യാഴാഴ്ച മുതൽ ആരംഭിച്ചു കഴിഞ്ഞു. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമയം നൽകിയിരിക്കുന്നത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോഡ്, ഇടുക്കി ജില്ലകളിൽ ഉച്ചകഴിഞ്ഞ് 3.30 മുതൽ 6.30 വരെ റേഷൻ കടകളിൽനിന്ന് സാധനങ്ങൾ ലഭിക്കും.
റേഷൻ ഔട്ട്‌ലെറ്റുകളിലെ ഇ-പോസ് (ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയിൽ) മെഷീനുകൾ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്തെ 60% റേഷൻ കടകളും ചൊവ്വാഴ്ച റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ നിർദേശപ്രകാരം അടഞ്ഞുകിടന്നിരുന്നു. എട്ടിന് ഉച്ചയോടെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു.
Also Read: സിപിഎമ്മിന്റെ മെഗാ തിരുവാതിരക്കെതിരെ നടപടി, കേസെടുത്ത് പോലീസ്
അതേസമയം ജനുവരി 8ന് 2,08,392 പേരും പത്താം തിയതി 1,79,750 പേരും 11ന് 1,03,791 പേരും സംസ്ഥാനത്ത് റേഷൻ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും റേഷൻ കാർഡ് ഉടമകൾക്ക് അവരുടെ വിഹിതം ലഭിക്കാൻ അരമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. നിരവധി ഗുണഭോക്താക്കൾ റേഷൻ കടകൾക്ക് പുറത്ത് മണിക്കൂറുകളോളം കാത്തുനിന്നശേഷം വെറുംകൈയോടെ മടങ്ങുകയും ഉണ്ടായി.
തങ്ങളുടെ ഭാഗത്തെ തെറ്റ് അല്ലെങ്കിൽ കൂടിയും റേഷൻ ഡീലർമാർക്ക് നേരെ പൊതുജനങ്ങൾ പ്രകോപിതരായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.മുഹമ്മദലി പറഞ്ഞു. ചില സ്ഥലങ്ങളിൽ, ഇ-പോസ് മെഷീനുകൾ ഗുണഭോക്താക്കളുടെ ബയോമെട്രിക് ഡാറ്റ രേഖപ്പെടുത്തുകയും എന്നാൽ രസീതുകൾ ലബിക്കുന്നതിന് മുമ്പ് ഓഫ്‌ലൈനാകുകയും ചെയ്തു.
ഇ-പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ച് ആളെ തിരിച്ചറിഞ്ഞ് വിതരണം നടക്കുന്നതിനാൽ മേഖലയിലെ തെറ്റായ പ്രവണതകൾ വലിയൊരു അളവോളം ഇല്ലാതാക്കാൻ കഴിഞ്ഞു. ഇ-പോസ് മെഷീനിന്റെ വിവരവിശകലനം നടക്കുന്നത് ഹൈദരാബാദിലെ നാഷണൽ ഇൻഫർമാറ്റിക് സെന്റർ സെർവറിലൂടെയാണ്. നിലവിലെ സാങ്കേതിക തകരാറിന്റെ കാരണങ്ങൾ വിദഗ്ധർ പരിശോധിച്ചുവരികയാണ്. ജനങ്ങൾക്കു ബുദ്ധിമുട്ടില്ലാതെ റേഷൻ സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടിയും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ജി.ആർ. അനിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...