തിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സയ്ക്കിടെ പെണ്‍കുട്ടിയ്ക്ക് എയ്ഡ്‌സ് ബാധിച്ചുവെന്ന ആരോപണം ശരിയല്ലെന്ന് തെളിഞ്ഞാല്‍ വാര്‍ത്ത‍ പ്രചരിപ്പിച്ചവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് കോടതി. കുട്ടിയുടെ അഛന്‍ നല്‍കിയ കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആര്‍.സി.സിയില്‍ രക്താര്‍ബുദ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച കുട്ടിക്ക് അവിടെ നിന്നും രക്തം സ്വീകരിച്ചതു വഴി എയ്ഡ്‌സ് ബാധയുണ്ടായെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ചെന്നൈയിലെ റീജ്യണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് എയ്ഡ്‌സ് ഇല്ലെന്ന് കണ്ടെത്തി. കൂടാതെ  ഡല്‍ഹിയിലെ നാഷണല്‍ ലാബിലും പരിശോധന നടത്തുന്നുണ്ട്. ഈ ലാബില്‍ നിന്നുള്ള അന്തിമ റിപ്പോര്‍ട്ട്  ഇനിയും ലഭിക്കേണ്ടതുണ്ട്.


അന്തിമ ഫലത്തില്‍ കുട്ടിക്ക് എയ്ഡ്‌സ് ബാധയില്ലെന്ന് കണ്ടെത്തിയാല്‍ ഇക്കാര്യം പ്രചരിപ്പിച്ചവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്ന് കോടതി വ്യക്തമാക്കി.


രക്താര്‍ബുദ ബാധിതയായ പെണ്‍കുട്ടിയെ കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍സിസിയില്‍ ചികില്‍സയ്ക്ക് കൊണ്ടുവന്നത്. കടുത്ത പനിയെത്തുടര്‍ന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്ക് അര്‍ബുദരോഗം ഉണ്ടെന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ സ്ഥിരീകരിച്ചിരുന്നു.