Religious Harmony: 34 വർഷം പിന്നിടുന്നു വെസ്റ്റേൺ പ്രഭാകരന്റെ മതമൈത്രിയുടെ നോമ്പുതുറ കാഴ്ച
പുറത്ത് നിലവിളക്കിന്റെ തിരി തെളിഞ്ഞുപ്രകാശിക്കുമ്പോള്‍ അകത്ത് റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ ആത്മനിര്‍വൃതിയില്‍ ഏവരും നിസ്‌കരിക്കുന്ന കാഴ്ച ഒരിക്കല്‍കൂടി സമ്മാനിക്കുകയാണ് പ്രഭാകരന്റെ കോട്ടീരി പൊന്നാത്ത് വീട്. മലപ്പുറത്തിന്റെ മതമൈത്രിയുടെ സന്ദേശമുള്‍ക്കൊണ്ട് ഈ നോമ്പുതുറ കാഴ്ച 34 വര്‍ഷം പിന്നിടുകയാണ്.
മലപ്പുറം: പുറത്ത് നിലവിളക്കിന്റെ തിരി തെളിഞ്ഞുപ്രകാശിക്കുമ്പോള്‍ അകത്ത് റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ ആത്മനിര്‍വൃതിയില്‍ ഏവരും നിസ്‌കരിക്കുന്ന കാഴ്ച ഒരിക്കല്‍കൂടി സമ്മാനിക്കുകയാണ് പ്രഭാകരന്റെ കോട്ടീരി പൊന്നാത്ത് വീട്. മലപ്പുറത്തിന്റെ മതമൈത്രിയുടെ സന്ദേശമുള്‍ക്കൊണ്ട് ഈ നോമ്പുതുറ കാഴ്ച 34 വര്‍ഷം പിന്നിടുകയാണ്.
മലപ്പുറം വളാഞ്ചേരി സ്വദേശിയായ വെസ്റ്റേണ്‍ പ്രഭാകരന്റെ വീട്ടിലൊരുങ്ങിയ സ്നേഹസംഗമം വര്‍ത്തമാനകാലത്തെ വേറിട്ട അനുഭവം തന്നെയാണ്. മതത്തിനും വിശ്വാസത്തിനുമപ്പുറം സൗഹൃദത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശമാണ് ഈ സ്നേഹസംഗമം വീണ്ടും പറഞ്ഞുവെക്കുന്നത്. വീട്ടില്‍ ഇഫ്താര്‍ സ്നേഹസംഗമത്തിനായി എത്തിയവര്‍ക്ക് നിസ്‌കരിക്കുന്നതിനായി തന്റെ വീട്ടിലിടമൊരുക്കാന്‍ പ്രഭാകരന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടായി.
34 വര്‍ഷം തുടര്‍ച്ചയായി റമദാനില്‍ വൃതാനുഷ്ഠാനം നടത്തുന്ന പ്രഭാകരന്‍ മുടങ്ങാതെയാണ് ഈ സ്നേഹകൂട്ടായ്മയൊരുക്കുന്നത്. വിളക്കുതിരിക്ക് സമീപം മുസല്ല വിരിച്ച് പ്രാര്‍ഥനയില്‍ മുഴുകുന്ന സഹോദരമതസ്ഥരെ സൗഹൃദത്തിന്റെ കണ്ണികൊണ്ട് ചേര്‍ത്തുനിര്‍ത്തുകയാണ് പ്രഭാകരന്‍. 1988ലാണ് സുഹൃത്തും പത്രപ്രവര്‍ത്തകനുമായ മുഹമ്മദ് മുസ്തഫയുടെ പ്രേരണയില്‍ റമദാന്‍ വ്രതം പ്രഭാകരന്‍ ആദ്യമായി അനുഷ്ഠിച്ചത്.
പത്ത് ദിവസത്തിലൊതുക്കാമെന്ന് കരുതിയ വ്രതാനുഷ്ഠാനം ഇപ്പോള്‍ വര്‍ഷങ്ങളിലെത്തിനില്‍ക്കുകയാണ്. അത്താഴത്തിനും നോമ്പുതുറക്കും പഴങ്ങളും പച്ചക്കറികളുമടങ്ങിയ മിതമായ ഭക്ഷണമാണ് പ്രഭാകരന്‍ പിന്തുടരുന്നത്. ഈ നാളുകളില്‍ മനസിനും ശരീരത്തിനും ലഭിച്ച ഉന്മേഷം തന്നെയാണ് വ്രതാനുഷ്ഠാനം തുടരാന്‍ പ്രഭാകരനെ മുന്നോട്ട് നയിച്ചത്. പ്രമുഖരടക്കം സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തി തന്നെ പൊന്നാത്ത് വീട്ടില്‍ ഇഫ്താര്‍ സംഗമം നടത്തിവരുന്ന പ്രഭാകരന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ച ചെഗുവേര കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ ഫോറത്തിന്റെ കോര്‍ഡിനേറ്റര്‍ കൂടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...