തിരുവനന്തപുരം: ആര്‍ക്ക് മുമ്പിലും നട്ടെല്ല് വളച്ചിട്ടില്ളെന്നും പദവികള്‍ക്കായി ആരെയും പ്രീതിപ്പെടുത്തിയിട്ടില്ളെന്നും സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. പൊലീസ് തലപ്പത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ  പൊലീസ് മേധാവി എന്ന നിലയില്‍ അവസാന ഫേസ്ബുക് പോസ്റ്റാണിതെന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പ് താന്‍ ഈ പദവി ഉപേക്ഷിക്കുന്നത് പൂര്‍ണ സംതൃപ്തിയോടെയാണെന്നും നിയമാനുസൃതമല്ലാത്ത ഇടപെടലുകളെ എതിര്‍ത്തിരുന്നുവെന്നും ചൂണ്ടിക്കാട്ടി കൊണ്ടാണ് അവസാനിപ്പിക്കുന്നത്.പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതലയാണ് സെന്‍കുമാറിന് പുതുതായി നല്‍കിയിരിക്കുന്നത്.


തന്‍റെ നിയമനം ഒരു സന്ദേശമാണെന്നും ആ സന്ദേശം പൂർത്തീകരിക്കാൻ ശ്രമിക്കുമെന്നും വിജിലന്‍സ് ഡയറക്ടർ ഡോ. ജേക്കബ് തോമസ് പറഞ്ഞു .യു.ഡി.എഫ് സർക്കാറിന്‍റെ കാലത്തെ അഴിമതി കേസുകളിൽ വിശുദ്ധിയോടുള്ള അന്വേഷണം നടത്തുമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സ് ഡയറക്ടറായുള്ള എൽ.ഡി.എഫ് സർക്കാറിന്‍റെ പുതിയ നിയമനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


അതേസമയം പുതിയ നിയമനത്തില്‍ സന്തോഷമുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി നിയമിതനായ ലോക്‌നാഥ് ബഹ്‌റ പ്രതികരിച്ചു. പോലീസ് വകുപ്പിലെ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും പുറ്റിങ്ങല്‍ അപകടം, ജിഷ വധം തുടങ്ങിയ കേസുകളുടെ അന്വേഷണം കാര്യക്ഷമമാക്കുമെന്നും വ്യക്തമാക്കിയ ബെഹ്‌റ ഉത്തരവ് കിട്ടിയാലുടനെ ചുമതലയേല്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉണ്ടായിരിക്കുന്നത്. ഡിജിപി സ്ഥാനത്ത് നിന്ന് ടി.പി. സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചു. പുതിയ വിജിലന്‍സ് ഡയറക്ടറായി ഡിജിപി ജേക്കബ് തോമസിനെ നിയമിച്ചു.