കൊച്ചി: ദുരിതാശ്വാസ ക്യാമ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ തലയിൽ അരി ചാക്കെടുത്ത് വച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒൻപത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന നായരമ്പലത്തെ സിപിഎം ഏരിയാ സെക്രട്ടറി ഉല്ലാസിനെതിരെയാണ് കേസ്. എന്നാല്‍, പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും വൈകാതെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും ഞാറയ്ക്കല്‍ പോലീസ് അറിയിച്ചു.


ക്യാമ്പുകളിലേക്ക് നാട്ടുകാർ പിരിവെടുക്കുന്നതും, ഉദാരമനസ്ക്കർ സംഭാവന നൽകുന്നതുമായ എല്ലാ വസ്തുക്കളും നായരമ്പലം മംഗല്യ ഓഡിറ്റോറിയം, ഭഗവതി വിലാസം സ്‌ക്കൂൾ എന്നിവിടങ്ങളിലാണ് ഒരുക്കിയിരുന്നത്.
ഇവ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ ഡിവൈഎഫ്ഐയുടെ കൊടി കെട്ടാനുള്ള നീക്കമാണ് കടുത്ത പ്രതിഷേധത്തിനിടയാക്കിയത്. 


ഈ വസ്തുക്കൾ വിതരണം ചെയ്യുന്നതിൽ വിവേചനമുണ്ടെന്ന് കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഞാറയ്ക്കല്‍ സ്റ്റേഷനില്‍ നിന്നും പൊലീസ് ക്യാമ്പിലെത്തിയത്.


പരാതിയില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും ഇല്ലാത്തപക്ഷം സാധനങ്ങള്‍ പോലീസ് നിയന്ത്രണത്തിലാക്കേണ്ടി വരുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.


ഇതില്‍ ക്ഷുഭിതനായ ഉല്ലാസ് അരിച്ചാക്കെടുത്ത് പോലീസുദ്യോഗസ്ഥന്‍റെ തലയില്‍ വയ്ക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി ഉല്ലാസ് രംഗത്തെത്തിയിരുന്നു.


പാര്‍ട്ടി പ്രവര്‍ത്തകന്‍റെ തലയില്‍ വച്ചു കൊടുക്കുന്നതിനിടെ പോലീസുകാരന്‍ എത്തിയതിനാലാണ് ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിക്കാൻ കാരണമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.


എന്നാല്‍, പോലീസുകാരനുമായി തര്‍ക്കിക്കുന്ന ഉല്ലാസ് ചാക്കെടുത്ത് ഉദ്യോഗസ്ഥന്‍റെ തലയിലേക്ക് വയ്ക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മൂവായിരത്തിലേറെ പേരുള്ള നായരമ്പലം ഭഗവതി വിലാസം സ്‌കൂളിലുള്ള ക്യാമ്പിന്‍റെ നടത്തിപ്പിന് ഒരു കമ്മിറ്റി രൂപീകരിക്കാൻ നടത്തിയ ശ്രമം ഡിവൈഎഫ്ഐയും സിപിഎമ്മും ചേര്‍ന്ന് അട്ടിമറിച്ചതായും ആരോപണമുണ്ട്.


മാത്രമല്ല ക്യാമ്പില്‍ നിന്നുള്ള സാധനങ്ങളുടെ പോക്ക് വരവ് പൂര്‍ണമായും കൈപ്പിടിയിലാക്കാൻ ഡിവൈഎഫ്ഐ ശ്രമിക്കുന്നതിനെതിരെയും വിമർശനങ്ങളുയരുന്നുണ്ട്.