ശബരിമലയില്‍ ഭക്തജന തിരക്ക്!
വെള്ളിയാഴ്ച 11 മണിവരെ 38,000 തീര്‍ഥാടകര്‍ ദര്‍ശനം നടത്തിയതായാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്.
പമ്പ: ശബരിമല സന്നിധാനത്തേയ്ക്ക് എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവെന്ന് കണക്കുകള്‍.
നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ കുറഞ്ഞതോടെ പൊലീസ് നിയന്ത്രണത്തിലും അയവ് വന്നിട്ടുണ്ട്. വെള്ളിയാഴ്ച 11 മണിവരെ 38,000 തീര്‍ഥാടകര്‍ ദര്‍ശനം നടത്തിയതായാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്.
65,000ല്‍ കൂടുതല്‍ പേരാണ് വ്യാഴാഴ്ച സന്നിധാനത്തെത്തിയത്. എന്നാല്‍ തീര്‍ഥാടകരുടെ എണ്ണം കൂടിയത് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
വിരിവെക്കാന്‍ സൗകര്യം ലഭിക്കാതെ ഒട്ടേറെ പേര്‍ ബുദ്ധിമുട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് കൂടുതലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
തീര്‍ഥാടകരുടെ എണ്ണം കൂടിയതോടെ നടവരവിലും വര്‍ധന ഉണ്ടായി. കെഎസ്ആര്‍ടിസി ഇതുവരെ 400ലേറെ സര്‍വീസുകള്‍ നടത്തിയതായി അധികൃതര്‍ പറഞ്ഞു.
ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ശനിയാഴ്ച രാത്രി 12 മണിക്കാണ് അവസാനിക്കുക.
നിരോധനാജ്ഞ മൂലം ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്.
പൊലീസിന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ജില്ലാ കളക്ടറാണ് നിരോധനാജ്ഞ നീട്ടണോ എന്ന് തീരുമാനിക്കുക. മണ്ഡല- മകര വിലക്ക് ഉത്സവത്തിനായി നട തുറന്ന ശേഷമുള്ള ഏറ്റവും വലിയ തിരക്കായിരുന്നു ഞായറാഴ്ച ഉണ്ടായിരുന്നത്.
ഈ മാസം അവസാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാകുന്നതോടെ ശബരിമലയിലേക്ക് മലയാളികളായ ഭക്തരും എത്തി തുടങ്ങും എന്നാണ് വിവരം.