Road Accident : ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 20 ഓളം പേർക്ക് പരിക്കേറ്റു
Sabarimala KSRTC Bus Accident : ളാഹ വിളക്ക് വഞ്ചിക്ക് സമീപമാണ് സംഭവം നടന്നത്. യാത്രക്കാർക്ക് വളരെ നിസ്സാരമായ പരിക്കാണ് 20 പേർക്കും ഉണ്ടായിരിക്കുന്നത്.
പത്തനംതിട്ട പമ്പ പാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് 20 ഓളം പേർക്ക് പരിക്കേറ്റു. ളാഹ വിളക്ക് വഞ്ചിക്ക് സമീപമാണ് സംഭവം നടന്നത്. എന്നാൽ യാത്രക്കാർക്ക് വളരെ നിസ്സാരമായ പരിക്കാണ് 20 പേർക്കും ഉണ്ടായിരിക്കുന്നത്. അപകടത്തെ തുടർന്ന് പരിക്കേറ്റ ആരുടേയും നില ഗുരുതരം അല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന്, ജനുവരി 1 ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ബസാണ് അപകടത്തെ തുടർന്ന് മറിഞ്ഞത്. ഈ മണ്ഡല- മകരവിളക്ക് സീസണിൽ ളാഹ വിളക്ക് മാടം ഭാഗത്ത് തീർത്ഥാടക വാഹനങ്ങൾ മൂന്നാം തവണയാണ് അപകടത്തിൽ പെടുന്നത്. നവംബർ മാസം 19 ന് ആന്ധ്ര പ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 20 ഓളം തീർത്ഥാടകർക്ക് പരിക്കേറ്റിരുന്നു.
ആന്ധ്ര പ്രദേശിൽ നിന്നെത്തിയ വാഹനം അപകടത്തിൽപെട്ടതിനെ തുടർന്ന് മന്ത്രി വീണാ ജോർജ് സ്ഥലം സന്ദർശിക്കുകയും ദേശീയ പാതാ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരെ വരുത്തി പരിശോധന നടത്തിക്കുകയും ചെയ്തെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. പിന്നീട് ഡിസംബർ മാസം 21 ന് ഇവിടെത്തന്നെ തമിഴ് നാട് തിരുവള്ളുരിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇവിടെ നിയന്ത്രണം വിട്ട് മറിഞ്ഞെങ്കിലും ആർക്കും കാര്യമായ പരിക്കേറ്റിരുന്നില്ല. മൂന്ന് അപകടങ്ങളിലും വാഹനങ്ങൾ താഴ്ച്ചയിലേക്ക് മറിയാതിരുന്നതാണ് വലിയ അപകടം ഒഴിവാക്കിയത്.
അതേസമയം രാജ്യത്ത് റോഡപകടങ്ങൾ വർധിക്കുന്നതായി കേന്ദ്ര റിപ്പോർട്ട് പുറത്തുവന്നിരുന്നു. . 2021ൽ മാത്രം സംഭവിച്ചത് 4.12 ലക്ഷം അപകടങ്ങളാണ് . അപകടത്തിൽ മൂന്നേമുക്കാൽ ലക്ഷം പേർക്ക് പരിക്കേൽക്കുകയും ഒന്നരലക്ഷത്തോളം പേർ മരിക്കുകയും ചെയ്തു . 3.6 ലക്ഷമായിരുന്നു 2020ൽ സംഭവിച്ച അപകടങ്ങൾ . അരലക്ഷത്തോളമാണ് ഒരു വർഷത്തിനിടെ സംഭവിച്ച അപകടങ്ങളുടെ വർധന.2020ൽ സംഭവിച്ച ഓരോ നൂറ് അപകടങ്ങളിലും 36 പേർ മരിച്ചിരുന്നത് 2021ൽ 37 മരണം ആയി ഉയർന്നു .
റോഡ് ഗതാഗത ഹൈവേ മന്ത്രാലയം 2021ൽ രാജ്യത്തുണ്ടായ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് . തമിഴ്നാടാണ് പട്ടികയിൽ ഒന്നം സ്ഥാനത്ത് . തുടർച്ചയായി അഞ്ചാം വർഷമാണ് പട്ടികയിൽ തമിഴ്നാട് മുന്നിലെത്തുന്നത് . 55,682 അപകടങ്ങളാണ് സംഭവിച്ചത് . റോഡപകടങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം. തുടർച്ചയായ രണ്ടാം വർഷമാണ് കേരളം ഈ സ്ഥാനത്തെത്തുന്നത്.
2020ൽ 27,877 അപകടങ്ങളുണ്ടായത് 2021ൽ 33,296 ആയി വർധിച്ചു . ഒരു വർഷത്തിനിടെ 19.4 ശതമാനത്തിന്റെ വർധനയാണ് അപകടങ്ങളിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2021ൽ 3429 മരണങ്ങളും 2020ല്‍ 2979 മരണങ്ങളും അപകടം മൂലം സംഭവിച്ചു. മധ്യപ്രദേശിൽ 48,877ഉം 37,729ഉം കർണാടകയിൽ 34,647ഉം അപകടങ്ങളാണ് സംഭവിച്ചത് . മിസോറമിലാണ് ഏറ്റവും കുറവ് അപകടങഅങൾ റിപ്പോര്‍ട്ട് ചെയ്തത് .വെറും 69 അപകടങ്ങളാണ് സംഭവിച്ചിട്ടുളളത്.സംസ്ഥാന പോലീസ് വകുപ്പുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് മന്ത്രാലയം റിപ്പോർട്ട് തയാറാക്കിയത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...