കണ്ണൂർ: റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി. പ്രത്യേക അധികാരം ഉപയോഗിച്ച് മാര്‍പ്പാപ്പയുടേതാണ് ഈ നടപടി. പുറത്താക്കിയ വിവരം റോബിന്‍ വടക്കുംചേരിയെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ് റോബിൻ വടക്കുംചേരിയെ വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് മാനന്തവാടി രൂപതയ്ക്ക് ലഭിക്കുന്നത്.


പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട റോബിൻ വടക്കുംചേരിയ്ക്ക് 20 വര്‍ഷത്തെ കഠിന തടവാണ് വിധിച്ചിരിക്കുന്നത്. കണ്ണൂർ കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് റോബിൻ വടക്കുംചേരി ശിക്ഷിക്കപ്പെട്ടിരിയ്ക്കുന്നത്.
 
2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇതിന് പിന്നാലെ റോബിൻ വടക്കുംചേരിക്കെതിരെ സഭ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. 2017 തുടക്കത്തിൽ അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ സഭ നിയോഗിച്ചു. തുടർന്ന് 2019ൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, കേസിൽ പ്രതിയായതിന് പിന്നാലെ റോബിൻ വടക്കുംചേരിയെ വൈദിക പദവിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.


എന്നാല്‍, 2019-ല്‍ വിചാരണ പൂര്‍ത്തിയാക്കിയ തലശ്ശേരി പോക്‌സോ കോടതി മൂന്നുകേസുകളിലായി 20 വര്‍ഷത്തെ കഠിന തടവിന് റോബിനെ ശിക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് റോബിനെ വൈദികവൃത്തിയില്‍ നിന്ന് പൂര്‍ണമായി നീക്കാനുള്ള നടപടി ആരംഭിച്ചത്. മാസങ്ങള്‍ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ സഭ ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിടുകയിരുന്നു.


വളരെ വിവാദമായ കേസായിരുന്നു കൊട്ടിയൂര്‍ പീഡനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പലവിധത്തിലുള്ള ഇടപെടലുകള്‍ നടത്തിയിട്ടും പ്രതി റോബിന്‍ വടക്കുഞ്ചേരിയ്ക്ക് രക്ഷപെടാനായില്ല.


കേസില്‍ കുറ്റക്കാരനായ റോബിന്‍ വടക്കുഞ്ചേരിയെ സംരക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കള്ളസാക്ഷി പറയുകയും ഗര്‍ഭത്തിന്‍റെ ഉത്തരവാദിത്വം പെണ്‍കുട്ടിയുടെ പിതാവ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ DNA ടെസ്റ്റ്‌ പെണ്‍കുട്ടിയുടെ പിതാവിന്‍റെ വാദം തെറ്റാണെന്ന് തെളിയിച്ചു. തുടര്‍ന്ന് ജയിലിന്‍റെ വാതിലുകള്‍ ഇദ്ദേഹത്തിനായി തുറക്കപ്പെടുകയായിരുന്നു.