കൂടത്തായി കൊലപാതക പരമ്പര: പരാതിക്കാരന് നാട്ടിലെത്തി
കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്താനാണ് നാട്ടിലെത്താന്‍ പറഞ്ഞത്.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ സംശയമുണ്ടെന്നുന്നയിച്ച് പരാതി നല്‍കിയ മരണമടഞ്ഞ ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നാട്ടിലെത്തി.
ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ റോജോയെ പൊലീസ് അകമ്പടിയോടെ വൈക്കത്തെ സഹോദരിയുടെ വീട്ടില്‍ എത്തിച്ചു. റോജോ അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ്.
കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്താനാണ് നാട്ടിലെത്താന്‍ പറഞ്ഞത്.
വടകര എസ്പി ഓഫീസില്‍ എത്തി മൊഴി നല്‍കണമെന്നാണ് റോജോയോട് പൊലീസ് പറഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ അന്വേഷണ സംഘം വൈക്കത്തെ വീട്ടിലെത്തിയാകും റോജോയില്‍ നിന്നും മൊഴി എടുക്കുന്നതെന്നും സൂചനയുണ്ട്.
അതിനുശേഷം റോജോ പൊന്നമറ്റം വീട്ടില്‍ പോകുമെന്നാണ് സൂചന. പൊന്നമറ്റം വീട്ടില്‍ വിദഗ്ദ്ധ സംഘം ഇന്ന്‍ പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
വിരലടയാള വിദഗ്ദ്ധര്‍, ഫോറന്‍സിക് വിദഗ്ദ്ധര്‍, വിഷ ശാസ്ത്ര വിദഗ്ദ്ധര്‍ എന്നിവരടങ്ങുന്ന എട്ടംഗ സംഘം പരിശോധന നടത്തും.
കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിയുന്നത്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്.
2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍.
2008-ല്‍ ടോം തോമസ്, 2011ല്‍ റോയി തോമസ്, 2014-ല്‍ അന്നമ്മയുടെ സഹോദരൻ മാത്യു, അതിനുശേഷം ടോം തോമസിന്‍റെ സഹോദരപുത്രന്‍റെ മകള്‍ അല്‍ഫോന്‍സ, ഒടുവില്‍ 2016ല്‍ സഹോദര പുത്രന്‍റെ ഭാര്യ സിലി എന്നിവരാണ് കൊല്ലപ്പെട്ടത്.
കേസില്‍ മരിച്ച റോയി തോമസിന്‍റെ ഭാര്യ ജോളി ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജോളിയാണ് ഈ ആറു കൊലപാതകങ്ങളും നടത്തിയതെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.