കോൺഗ്രസിനോട് ഇടഞ്ഞ് RSP; UDF യോഗത്തിൽ നിന്ന് വിട്ടുനിൽക്കും
ഉഭയകക്ഷി ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന് കത്തുനല്‍കിയെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് നേതൃയോഗത്തില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചത്
തിരുവനന്തപുരം: ഡിസിസി പട്ടികയുമായി (DCC President List) ബന്ധപ്പെട്ട് കോൺഗ്രസിൽ നേതാക്കൾ പരസ്യപോര് തുടരുന്നതിനിടെ കോൺഗ്രസിനോട് ഇടഞ്ഞ് ആർഎസ്പി. മുതിർന്ന നേതാക്കൾ തമ്മിലടിക്കാതിരുന്നാലേ കോൺഗ്രസ് രക്ഷപ്പെടൂവെന്ന് ആർഎസ്പി (RSP) സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു.
ഉഭയകക്ഷി ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന് കത്തുനൽകിയെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് നേതൃയോഗത്തിൽ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചത്. ഉഭയകക്ഷി ചർച്ച ആവശ്യപ്പെട്ട് കത്ത് നൽകി 40 ദിവസം കഴിഞ്ഞിട്ടും നടപടിയില്ലാത്തതാണ് യുഡിഎഫ് യോഗത്തിൽ (UDF Meeting) പങ്കെടുക്കാതിരിക്കുന്നതിന് കാരണമെന്ന് കോൺഗ്രസിനെ അറിയിച്ചതായി ആർഎസ്പി നേതാക്കൾ വ്യക്തമാക്കി.
വിഷയത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ആർഎസ്പി സംസ്ഥാന സമിതി യോഗത്തിലും വിമർശനമുയർന്നിരുന്നു. തുടർന്നാണ് തങ്ങളുയർത്തിയ ആവശ്യങ്ങൾ പരിഗണിക്കാതെ യുഡിഎഫ് യോഗത്തിന് ഇനിയില്ലെന്ന നിലപാടിലേക്ക് ആർഎസ്പി എത്തിയത്. മുന്നണി മാറ്റം വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി ഉയരുന്നത്.
മുന്നണിയിൽ ആർഎസ്പിക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആർഎസ്പി ഏറെ നാളായി പ്രതിഷേധം ഉയർത്തിയിരുന്നു. നാലാം തിയതി ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കോൺഗ്രസിലെ (Congress) അച്ചടക്കമില്ലായ്മയ്ക്ക് എതിരെ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡിസിസി പട്ടിക സംബന്ധിച്ച് കോൺഗ്രസിൽ കലാപം തുടരുന്നതിനിടെ ഘടക കക്ഷികളിൽ നിന്നുള്ള സമ്മർദ്ദവും കോൺഗ്രസ് നേതൃത്വത്തെ വലയ്ക്കുകയാണ്.
ALSO READ: DCC President List : മുൻ MLA കെ.ശിവാദാസൻ നായരെയും KP അനിൽകുമാറിനെയും കോൺഗ്രസിൽ സസ്പെൻഡ് ചെയ്തു
അതേസമയം, ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വ്യക്തമാക്കി. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് എല്ലാ അഭിപ്രായങ്ങളും ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനുമേൽ വീണ്ടും ചർച്ച നടത്താൻ ആഗ്രഹിക്കുന്നില്ല. കോൺഗ്രസിന്റെ നന്മയ്ക്ക് വിവാദങ്ങളെല്ലാം അവസാനിപ്പിക്കണം.എല്ലാ ദിവസവും വിവാദവുമായി മുന്നോട്ട് പോകാൻ പാർട്ടിക്ക് സാധ്യമല്ലെന്നും സുധാകരൻ പറഞ്ഞു.
കെപിസിസി, ഡിസിസി ഭാരവാഹികളുടെ പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കും. അതിനായി ഹൈക്കമാന്റ് സമയപരിധി നിശ്ചയിച്ചിട്ടില്ല. കഴിവും പ്രാപ്തിയുമുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരും. രണ്ട് ചാനലിൽ നിന്നുള്ളവരുടെ സംയോജനമല്ല ഇപ്പോഴത്തെ കോൺഗ്രസ്. എല്ലാവരെയും സഹകരിപ്പിച്ച് കൊണ്ടുപോകുക എന്നതാണ് പൊതുനയം. എന്നാൽ അതിന് വേണ്ടി പാർട്ടി അച്ചടക്കം ബലികഴിക്കാനും സുതാര്യമായ പാർട്ടി പ്രവർത്തനം വഴിമുടക്കാനും താൽപ്പര്യമില്ല. ഇത്രയുംനാൾ പാർട്ടിയെ ശക്തിപ്പെടുത്താൻ യത്‌നിച്ചവർ കോൺഗ്രസിന് ഹാനികരമാകുന്ന തലത്തിലേക്ക് പോകരുതെന്നും സുധാകരൻ അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...