ശബരിമല കേസ് വിശാല ബഞ്ചിന് വിട്ട് സുപ്രീം കോടതി വിധി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്‍റെ ഭൂരിപക്ഷ അഭിപ്രായത്തെ തുടര്‍ന്നാണ്‌ സുപ്രീം കോടതിയുടെ നിര്‍ണ്ണായക തീരുമാനം. 


 ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ ഇന്ദു മല്‍ഹോത്ര, ഖാന്‍വില്‍ക്കര്‍ എന്നിവരാണ് കേസ് വിപുല ബഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടത്. 


രോഹിന്‍ടണ്‍ നരിമാന്‍, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവരാണ്‌ എതിര്‍പ്പ് പ്രകടിപ്പിച്ചത്. പുന:പരിശോധന ഹര്‍ജികള്‍ തള്ളണമെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.


മൂന്ന് ജഡ്ജിമാരുടെയും അഭിപ്രായത്തോട് കടുത്ത വിയോജിപ്പാണ് ജഡ്ജി നരിമാന്‍ പ്രകടിപ്പിച്ചത്. ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്ന് പറഞ്ഞ നരിമാന്‍ പ്രത്യേകം വിധി വായിച്ചു. 


അതേസമയം, പുതിയ ബഞ്ചില്‍ ആരൊക്കെയുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. 


ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 56 റിവ്യൂ ഹര്‍ജികളിലാണ് കോടതി തീരുമാനമെടുത്തത്.


ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ അമ്പത്തഞ്ചോളം പുനഃപരിശോധനാ ഹർജികളില്‍ വാദംകേട്ടത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ്. 


കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച്‌ സുപ്രീം കോടതി ഭരണഘടനബെഞ്ച് വിധി പ്രസ്താവിച്ചത്.


അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍, എഎം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.


ആരാധനക്ക് എല്ലാവര്‍ക്കും തുല്യാവകാശമാണെന്നായിരുന്നു ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും അഭിപ്രായപ്പെട്ടത്.


അതേ സമയം, ബെഞ്ചിനെ ഏക വനിതാ ജഡ്ജായ ഇന്ദു മല്‍ഹോത്ര വിധിയോട് വിയോജിച്ചു. മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തി അളക്കാന്‍ സാധ്യമല്ലെന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിലപാട്.


സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് റിവ്യൂ ഹര്‍ജിളില്‍ ഫെബ്രുവരി ആറിന് വാദം കേള്‍ക്കല്‍ അവസാനിച്ചിരുന്നു.