ശബരിമല സ്ത്രീപ്രവേശനം: ആലോചിച്ച ശേഷമേ തീരുമാനമെടുക്കുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ തന്ത്രിമാരും വിശ്വാസികളുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍. ക്ഷേത്രത്തിന്‍റെ പേര് മാറ്റത്തിന് സ്ത്രീപ്രവേശനവുമായി ബന്ധമില്ലെന്നും അദ്ദേഹം സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ശബരിമല ക്ഷേത്രത്തിന്‍റെ പേര് കഴിഞ്ഞ ഭരണസമിതി അയ്യപ്പക്ഷേത്രമെന്ന് മാറ്റിയെങ്കിലും സർക്കാരിന്‍റെ അനുമതി കിട്ടിയിരുന്നില്ല. കേസ് വരുമ്പോൾ പേര് മാറ്റുകയല്ല കേസ് നന്നായി നടത്തുകയാണ് വേണ്ടെതെന്ന് പറഞ്ഞാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പേര് മാറ്റത്തെ ന്യായീകരിച്ചത്. സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി അഭിപ്രായം ചോദിക്കട്ടെയെന്ന് വ്യക്തമാക്കി നിലപാട് പറയുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി. അടുത്ത രണ്ട് വർഷം സന്നിധാനത്ത് പുതിയ നിർമ്മാണപ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. മകരവിളക്കിനുള്ള ഒരുക്കങ്ങൾ ദേവസ്വം ബോർഡ് അവലോകനം ചെയ്തു.