കോന്നിയില്‍ വിഷയം ശബരിമല തന്നെ!!
പാര്‍ട്ടി എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് മത്സരത്തിന് ഇറങ്ങിയത്.
തിരുവനന്തപുരം: കോന്നിയില്‍ ശബരിമല വിഷയം തന്നെയായിരിക്കും പ്രചാരണ വിഷയമാകുന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍.
എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും കഴിവുകേട് തിരഞ്ഞെടുപ്പില്‍ തുറന്നു കാണിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടി എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് മത്സരത്തിന് ഇറങ്ങിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ ഭരണപക്ഷത്തോടുള്ള വികാരവും, പ്രതിപക്ഷത്തോടുള്ള അവമതിപ്പും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കും, കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്.
തുടക്കംമുതല്‍ മത്സരത്തിനില്ല എന്നാവര്‍ത്തിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഒടുവില്‍ കോന്നിയിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
കോന്നിയില്‍ കെ. സുരേന്ദ്രനു പുറമേ ശോഭ സുരേന്ദ്രന്റെ പേരാണു പരിഗണനയിലുണ്ടായിരുന്നത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു സുരേന്ദ്രന്റെയും നിലപാട്.
എന്നാല്‍, വിജയസാധ്യത മുന്‍നിര്‍ത്തി സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം കോന്നിയില്‍ നിയോഗിക്കുകയായിരുന്നു.
അതേസമയം, 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും.
ഒക്ടോബര്‍ ഒന്നിനാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. സ്ഥാനാർഥി നിർണ്ണയം ഏറെക്കുറെ പൂർത്തിയായതോടെ മുന്നണികൾ പ്രചാരണരംഗത്ത് സജീവമായി.