Safe project: ഇനിയെല്ലാം `സേഫ്`... പട്ടികജാതി-പട്ടികവർഗക്കാർക്ക് സുരക്ഷിത ഭവനമൊരുക്കാൻ സർക്കാരിന്റെ പുത്തൻ പദ്ധതി
Safe housing project: നിയമസഭയിൽ മന്ത്രി കെ രാധാകൃഷ്ണനാണ് പദ്ധതി പ്രഖ്യാപ്പിച്ചത്.
തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് സുരക്ഷിത ഭവനമൊരുക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ. സുരക്ഷിതമായതും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതുമായ ഭവനങ്ങളൊരുക്കാൻ പട്ടികജാതി-പട്ടികവർഗ കുടുംബങ്ങളെ പര്യാപ്തമാക്കുന്നതാണ് സെക്വർ അക്കോമഡേഷൻ ആന്റ് ഫെസിലിറ്റി എൻഹാൻസ്മെന്റ് (സേഫ്) പദ്ധതി. നിയമസഭയിൽ മന്ത്രി കെ രാധാകൃഷ്ണനാണ് പദ്ധതി പ്രഖ്യാപ്പിച്ചത്. നിലവിൽ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് ഭവന പൂർത്തീകരണത്തിനായി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ സാങ്കേതികമായി ഭവന പൂർത്തീകരണം നടക്കുന്നുണ്ടെങ്കിലും വീടുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നില്ല.
വൃത്തിയുള്ള അടുക്കള, ശുചിത്വമുള്ള ശൗചാലയങ്ങൾ, ടൈൽ ചെയ്ത തറ, ഗുണമേൻമയുള്ള പ്ലമ്പിംഗ്, വയറിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പല വീടുകളിലും ഇല്ല. ഇത് പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതുമായ ഭവനങ്ങൾ ഒരുക്കുന്നതിന് പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേവലമൊരു നിർമ്മിതിയിൽ നിന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ സമഗ്ര ഭവനങ്ങളിലേക്കുള്ള മാറ്റത്തിലൂടെ പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് സുരക്ഷിതത്വം ഉറപ്പാക്കാനാകും. വകുപ്പിൽ നിയമിതരാകുന്ന അക്രഡിറ്റഡ് എഞ്ചിനീയർമാരുടെ മേൽനോട്ടത്തിലാകും പദ്ധതി നടപ്പാക്കുക.
ALSO READ: സർക്കാർ ഫണ്ട് തികഞ്ഞില്ല; കാളികാവിലെ ആദിവാസികൾക്ക് ഇന്നും പ്ലാസ്റ്റിക് കൂര മാത്രം
2007 ഏപ്രിൽ ഒന്നിന് ശേഷം പൂർത്തീകരിച്ച ഭവനങ്ങളാണ് സേഫിൽ പരിഗണിക്കുക. പൂർത്തീകരിച്ച വീടുകളിൽ സുരക്ഷിതമായ മേൽക്കൂര, ശുചിത്വമുള്ള ശൗചാലയം, മികച്ച സൗകര്യങ്ങളുള്ള അടുക്കള, ടൈൽ ചെയ്ത തറ, ബലപ്പെടുത്തിയ ചുമർ, പ്ലമ്പിങ്ങ്, വയറിങ്ങ്, പ്ലാസ്റ്ററിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പടുത്താൻ പലർക്കും സാധിക്കുന്നില്ലന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനാലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത് മന്ത്രി കെ രാധകൃഷ്ണൻ പറഞ്ഞു. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തലശേരി എംഎൽഎ എ.എൻ ഷംസീറിന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...