ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി
ഹാരിസണ്‍ ഉള്‍പ്പെടെ വിവിധ പ്ലാന്റേഷനുകളുകളുടെ കൈവശമുണ്ടായിരുന്ന 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യല്‍ ഓഫീസര്‍ എടുത്ത നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ന്യൂഡല്‍ഹി: ഹാരിസണ്‍ മലയാളം കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
ഭൂമി ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. 38,000 ഏക്കര്‍ ഭൂമിയാണ് പാട്ടക്കരാര്‍ റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുക്കാൻ ശ്രമിച്ചത്.
ഹാരിസണ്‍ ഉള്‍പ്പെടെ വിവിധ പ്ലാന്റേഷനുകളുകളുടെ കൈവശമുണ്ടായിരുന്ന 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യല്‍ ഓഫീസര്‍ എടുത്ത നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലാണ് സുപ്രീംകോടതി ഇപ്പോള്‍ തള്ളിയത്.
കേരള ഭൂ സംരക്ഷണ നിയമപ്രകാരം സ്പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങള്‍ ഉണ്ടെന്നും തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമിച്ച സ്പെഷൽ ഓഫീസർ രാജമാണിക്യത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുത്തത്. സ്പെഷൽ ഓഫീസറുടെ നടപടി ഭൂസംരക്ഷണനിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഹൈക്കോടതി നടപടി റദ്ദാക്കിയത്.
വ്യാജരേഖ ചമച്ചാണ് ഹാരിസൺ ഭൂമി കൈവശം വച്ചിട്ടുള്ളതെന്നും സ്വാതന്ത്രത്തിന് ശേഷം വിദേശകമ്പനികളുടെ ഭൂമി രാജ്യത്തിന്റെ സ്വത്തായി മാറിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഏറ്റെടുക്കൽ നടപടി ശുപാർശ ചെയ്തത്.
ഹൈക്കോടതിയുടെ തീരുമാനം അപ്പാടെ അംഗീകരിക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഭൂമിയില്‍ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സിവില്‍ കോടതിയില്‍ കേസ് നടത്താന്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം തന്നെയാണ് സുപ്രീംകോടതിയും പറഞ്ഞത്.
ഭൂമിയിലെ ഉടമസ്ഥാവകാശത്തിനായി സര്‍ക്കാരിന് സിവില്‍ കോടതിയില്‍ കേസ് നടത്താമെന്നും സുപ്രീംകോടതി പറഞ്ഞു.