ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സുരക്ഷിതമാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ചയ്ക്കകം അറിയിക്കണമെന്ന് സുപ്രീംകോടതി.പന്തളം കൊട്ടാരത്തില്‍ തര്‍ക്കം രൂക്ഷമാണെന്നും സംസ്ഥാന സര്‍ക്കാരിന് തിരുവാഭാരണങ്ങള്‍ ഏറ്റെടുത്തുകൂടേയെന്നും കോടതി ചോദിച്ചു.അതേ സമയം തിരുവാഭരണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ വാക്കാല്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
2010 ല്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നവുമായി ബന്ധപെട്ട ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ കഴിഞ്ഞ തവണ ശബരിമലയ്ക്കായി പ്രത്യേക നിയമം വേണമെന്ന് സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഹര്‍ജി പരിഗണനയിലിരിക്കെ പന്തളം രാജകുടുംബത്തിലെ തര്‍ക്കം രൂക്ഷമാവുകയായിരുന്നു.പന്തളം രാജകുടുംബത്തിലെ പി.രാമവര്‍മ്മ രാജയാണ് ഹര്‍ജി നല്‍കിയിരുന്നത്.ഈ ഹര്‍ജിയില്‍ കക്ഷിചേരാന്‍ രാജരാജ വര്‍മ്മ ഉള്‍പെടെയുള്ള 12 പേര്‍ അപേക്ഷ നല്‍കുകയും ചെയ്തു.ഇവരാണ് തിരുവാഭരണം രാജകുടുംബത്തിന്റെ കൈവശമാണെന്നും സുരക്ഷിതമല്ലായെന്നും കോടതിയില്‍ പരാമര്‍ശം നടത്തിയത്.


ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത് നിലവിലെ കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റും സെക്രട്ടറിയും പന്തളം രാജകുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നിലെന്നും ഇവരുടെ കസ്റ്റഡിയിലാണ് തിരുവാഭരണവും മറ്റുമെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.


ഇതേതുടര്‍ന്നാണ് തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ തിരുവാഭരണം എങ്ങനെ പന്തളം രാജകുടുംബത്തിന്റെ കൈവശം സുരക്ഷിതമായിരിക്കുമെന്ന് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്.തിരുവാഭരണം അയ്യപ്പന്റെ ആഭരണമല്ലെ, അത് മടക്കി നല്‍കിക്കൂടെയെന്നും ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. ഇതിന് ശേഷമാണ് പന്തളം രാജകുടുംബത്തില്‍ തിരുവാഭരണം സുരക്ഷിതമായിരിക്കുമോയെന്ന് വെള്ളിയാഴ്ച അറിയിക്കണമെന്ന്  സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപെട്ടത്.


തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് ഒരുഘട്ടത്തില്‍ ജസ്റ്റിസ് എന്‍.വി. രമണ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകനോട് ആരാഞ്ഞു. ദേവസ്വം മാന്വല്‍ പ്രകാരം അയ്യപ്പന്റെ ആഭരണങ്ങളും മറ്റും സൂക്ഷിക്കേണ്ടത്‌ സംസ്ഥാന ട്രഷറിയിലാണെന്ന് സീനിയര്‍ അഭിഭാഷകനായ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.എന്നാല്‍ സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ തനിക്ക് കോടതിയെ നിലപാടറിയിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്നാണ് വെള്ളിയാഴ്ച്ചവരെ സമയം അനുവദിച്ചത്.ശബരിമലയ്ക്ക് ആയി പ്രത്യേക നിയമ നിര്‍മ്മാണത്തിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ് അറ്റോര്‍ണി ജനറലിന്റെ നിയമ ഉപദേശം തേടിയിട്ടുണ്ട് എന്നും സര്‍ക്കാര്‍ വാദത്തിനിടയില്‍ കോടതിയെ അറിയിച്ചു.തിരുവാഭരണം പന്തളം രാജകുടുംബത്തിന്റെ കൈവശം വെയ്ക്കുന്നത് സുരക്ഷിതമാണോ, ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് അത് ഏറ്റെടുക്കാന്‍ സാധിക്കുമോ എന്നീ കാര്യങ്ങളിലാണ് സംസ്ഥാനം കോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ടത്.