ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി. ഹര്‍ജികള്‍ കോടതി ഫയലില്‍ സ്വീകരിച്ചു. എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കേസില്‍ പിണറായി വിജയനെ ഒഴിവാക്കിയതിന് എതിരെയായിരുന്നു ഹര്‍ജി. അന്തിമ വാദം എപ്പോൾ തുടങ്ങാമെന്ന് ജനുവരി രണ്ടാം വാരം ഉത്തരവ് ഇറക്കുമെന്നും കോടതി അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി ഇന്ന് മാറ്റിവെച്ചത്. ജസ്റ്റിസുമാരായ എൻ.വി രമണ, എം.ശാന്തന ഗൗഡർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് മാറ്റി വെച്ചത്. 


ഉദ്യോഗസ്ഥരായ എം.വി. രാജഗോപാൽ, ആർ. ശിവദാസൻ, കസ്തൂരി രംഗ അയ്യർ എന്നിവർക്കെതിരെ വിചാരണ നടത്താമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ ഉദ്യോഗസ്ഥർ നല്‍കിയ അപ്പീലുകളും സിബിഐയുടെ ഹർജിക്കൊപ്പം ഇന്ന് മാറ്റിവെക്കുകയായിരുന്നു. 


തന്‍റെ കക്ഷിക്ക് അനുകൂലമായി രണ്ടു കോടതികളുടെ വിധികൾ ഉണ്ടെന്നും ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്നും പിണറായിയുടെ അഭിഭാഷകൻ വി ഗിരി കോടതിയില്‍ ആവശ്യപ്പെട്ടു. 


പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണു കേസിനു കാരണം. ഈ കരാർ ലാവലിൻ കമ്പനിക്കു നൽകുന്നതിനു പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. 


യുഡിഎഫിന്‍റെ കാലത്താണു പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമകരാർ ഒപ്പിട്ടതു പിന്നീടുവന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.


അതേസമയം, സ്വയം നേട്ടമുണ്ടാക്കാനോ കമ്പനിക്കു നേട്ടമുണ്ടാക്കാനോ പിണറായി ശ്രമിച്ചതായി സിബിഐയുടെ കുറ്റപത്രത്തിലില്ലെന്നും അദ്ദേഹത്തെ തിരഞ്ഞുപിടിച്ചു കുടുക്കിയെന്നും കുറ്റപ്പെടുത്തിയ ഹൈക്കോടതി, പിണറായിയെ കുറ്റവിമുക്തനായ വിധി ശരിവച്ചിരുന്നു. 


സിബിഐ പ്രതിപ്പട്ടികയിലെ ആറുപേരിൽ പിണറായി വിജയൻ, വൈദ്യുതി വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ.മോഹനചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കേസിൽനിന്ന് ഒഴിവാക്കിയ വിചാരണക്കോടതി നടപടിയാണു ഹൈക്കോടതി ശരിവച്ചത്. എന്നാൽ, വൈദ്യുതി ബോർഡിന്‍റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡിന്‍റെ മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നു ഹൈക്കോടതി വിധിച്ചു.


മൂന്നു പ്രതികളെ കേസിൽനിന്ന് ഒഴിവാക്കിയതാണു സിബിഐ സുപ്രീം കോടതിയിൽ ചോദ്യംചെയ്‌തത്. പിണറായിക്കും മറ്റും ലഭിച്ചതു പോലെയുള്ള വിധിയിലൂടെ തങ്ങളെയും കേസിൽനിന്ന് ഒഴിവാക്കണമെന്നു രാജശേഖരൻ നായരും ശിവദാസനും കസ്‌തൂരിരംഗ അയ്യരും ആവശ്യപ്പെട്ടു.