തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്. കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് കുട്ടികളിലെ ആത്മഹത്യ വർധിക്കാൻ കാരണമായതെന്ന് സർക്കാരിന് കൈമാറിയ റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നു. കോവിഡ് കാലത്താണ് കുട്ടികളിൽ ആത്മഹത്യ പ്രവണത വർധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് പോലീസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളുടെ ആത്മഹത്യകള്‍ റിപ്പോർട്ട് ചെയ്യുന്നത് കൂടുന്ന സാഹചര്യത്തിലാണ് ഇതിനെ സംബന്ധിച്ച് പഠനം നടത്തിയത്. 2019ൽ 230 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇതിൽ 97 പേർ ആണ്‍കുട്ടികളും, 133 പേർ പെണ്‍കുട്ടികളും ആണ്. 2020ൽ 311 കുട്ടികള്‍ ആത്മഹത്യ ചെയ്തു. 142 ആണ്‍ കുട്ടികളും, 169 പെണ്‍കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. 2021 ആയപ്പോള്‍ ആതമഹത്യനിരക്ക് വീണ്ടും വർധിച്ചതായി പഠനത്തിൽ വ്യക്തമാക്കുന്നു. 345 ആയിരുന്നു 2021ലെ കണക്ക്. 2021ൽ 168 ആണ്‍കുട്ടികളും, 177 പെണ്‍കുട്ടികളുമാണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. 


കോവിഡ് നിയന്ത്രണങ്ങള്‍ വന്നതിന് ശേഷം കുട്ടികള്‍ വീട്ടിനുള്ളിലായപ്പോഴാണ് ആത്മഹത്യ കൂടിയിരിക്കുന്നതെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളാണ് കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നാണ് പരിശോധനയിലെ പ്രധാന കണ്ടെത്തൽ. കൂടുതലും പെൺകുട്ടികളാണ് ആത്മഹത്യ ചെയ്യുന്നത്. പരീക്ഷ തോൽവി, ഓണ്‍ ലൈൻ ഗെയിമുകൾ, പ്രണയ നൈരാശ്യം ഇതെല്ലാം ആത്മഹത്യക്ക് കാണമായിട്ടുണ്ട്. എന്നാൽ, അത് ചെറിയൊരു ശതമാനം മാത്രമാണ്. കൂടുതലും കുടുംബത്തിനുള്ളിലെ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് കണ്ടെത്തൽ.


മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിലാണ് കുട്ടികളുടെ ആത്മഹത്യ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പഠനം നടത്തുന്നതിൻെറ ഭാഗമായി തെരഞ്ഞെടുത്ത ചില വീടുകളിൽ പോലീസ് രക്ഷിതാക്കളെ കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എന്താണ് കുടുംബത്തിന് അകത്തുണ്ടായ പ്രശ്നങ്ങളെന്ന് കൃത്യമായി തുറന്ന് പറയാൻ രക്ഷിതാക്കള്‍ തയ്യാറായില്ല. കോവിഡ് നിയന്ത്രങ്ങള്‍ മാറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന സാഹചര്യത്തിൽ ആത്മഹത്യ ബോധവത്കരണവും കൗൺസിലിങ്ങും ആരംഭിക്കണമെന്നാണ് പോലീസിന്റെ ശുപാർശ. പാഠ്യഭാ​ഗങ്ങളിലും ആത്മഹത്യയെ സംബന്ധിച്ച അവബോധം നൽകണമെന്ന് പോലീസ് ശുപാർശ ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.