നിലമ്പൂര്‍: കവളപ്പാറയിലും പൂത്തുമലയിലും കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരും. കവളപ്പാറയില്‍ 13 പേരേയും പൂത്തുമലയില്‍ 5 പേരെയുമാണ് ഇനി കണ്ടെത്താനുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ ദുരന്തനിവാരണ സേനാ അംഗങ്ങളും ഫയര്‍ഫോഴ്സും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്. ഇതുവരെയുള്ള തിരച്ചിലില്‍നിന്നും 46 പേരുടെ മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്താനായി. 


വയനാട് പൂത്തുമലയില്‍ കാണാതായ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തുള്ള ഏലവയില്‍ നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.


ഇപ്പോള്‍ സൂചിപ്പാറ പ്രദേശത്താണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവിടെ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  ഈ സാഹചര്യത്തിലാണ് തിരച്ചില്‍ ഇവിടെ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്.


ഇന്നലെ കവളപ്പാറയില്‍ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. 13 പേരെക്കൂടി ഇനിയും അവിടെനിന്നും കണ്ടെത്താനുണ്ട്. മാത്രമല്ല ഹൈദരാബാദില്‍നിന്നെത്തിച്ച ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലും ഫലം കണ്ടിരുന്നില്ല. മണ്ണിലെ വെള്ളത്തിന്‍റെ സാന്നിധ്യമാണ് റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് തടസ്സമായത്.


പുത്തുമലയില്‍ ഞായറാഴ്ച കണ്ടെത്തിയ പുരുഷന്‍റെ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം രണ്ടു ദിവസത്തിനുളളില്‍ ലഭിക്കുമെന്നാണ് സൂചന.