മുക്കത്ത് ഗെയില്‍ രണ്ടാം ഘട്ട സമരം ഇന്ന് തുടങ്ങും
മുക്കത്ത് ഗെയില്‍ വിരുദ്ധസമിതിയുടെ രണ്ടാം ഘട്ട സമരം ഇന്ന് തുടങ്ങും. സമരം ഏറ്റെടുക്കേണ്ടതില്ലെന്ന യുഡിഎഫ് നിലപാട് അവഗണിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.
കോഴിക്കോട്: മുക്കത്ത് ഗെയില്‍ വിരുദ്ധസമിതിയുടെ രണ്ടാം ഘട്ട സമരം ഇന്ന് തുടങ്ങും. സമരം ഏറ്റെടുക്കേണ്ടതില്ലെന്ന യുഡിഎഫ് നിലപാട് അവഗണിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്. സംഘര്‍ഷഭരിതമായ ആദ്യഘട്ടത്തിനുശേഷം ഗെയില്‍വിരുദ്ധ സമരസമിതി രണ്ടാം ഘട്ട സമരത്തിലേക്ക് കടക്കുകയാണ്.
ആദ്യഘട്ട സമരം നടന്ന എരഞ്ഞിമാവ് തന്നെയാകും സമര കേന്ദ്രം. സഹന സമരമാണ് ഉദ്ദേശിക്കുന്നതെന്നും പൊലീസുമായി ഏറ്റുമുട്ടലിനില്ലെന്നും സമരക്കാര്‍ വ്യക്തമാക്കിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം മതിയായതല്ലെന്നും ജനവാസമേഖലകളെ ഒഴിവാക്കണമെന്നുമുളള ആവശ്യത്തില്‍ നിന്ന് തെല്ലും പിന്നോട്ടില്ലെന്നും സമരക്കാര്‍ പറയുന്നു. നാലു മണിക്ക് എരഞ്ഞിമാവില്‍ ചേരുന്ന സമരസംഗമം വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. എം.ഐ ഷാനവാസ് എം.പിയും സംഗമത്തില്‍ പങ്കെടുക്കും. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതിയെ എതിര്‍ക്കാനുളള മൗഢ്യമില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് പൂര്‍ണ്ണമായും തളളിയാണ് സുധീരന്‍ വീണ്ടും മുക്കത്തെത്തുന്നത്. അതേസമയം, ആദ്യ ഘട്ടത്തില്‍ സമരക്കാര്‍ക്കൊപ്പം നിന്ന സിപിഎം പ്രാദേശിക നേതൃത്വം രണ്ടാം ഘട്ട സമരത്തില്‍ എന്ത് നിലപാട് ആണെടുക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഗെയില്‍ പദ്ധതി കടന്നുപോകുന്ന ഏഴ് ജില്ലകളുടെ സംയുക്ത യോഗം ശനിയാഴ്ച കോഴിക്കോട്ട് വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.