തലശ്ശേരി: നാളെ വരെ തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശബരിമല സ്ത്രീപ്രവേശനത്തെ തുടര്‍ന്ന് പ്രദേശത്ത് കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. തലശ്ശേരി ന്യൂ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം സമാധാന യോഗം നടക്കുമ്പോള്‍ തലശേരിയില്‍ ഡിവൈഎഫ്ഐ പ്രകടനത്തിനിടെ കല്ലേറുണ്ടായി. നേതാക്കളുടെ വീടുകള്‍ അക്രമിച്ചതിനെതിരെയായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രകടനം.


കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. വെള്ളിയാഴ്ച എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെയും ബോംബേറുണ്ടായി. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.


കണ്ണൂര്‍ ജില്ലയില്‍ സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്ന പ്രകോപനങ്ങളൊഴിവാക്കാന്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ പാടില്ലെന്ന് സമാധാനയോഗത്തില്‍ തീരുമാനമായി. സിപിഐഎം- ബിജെപി നേതാക്കളുടെ വീടുകള്‍ക്കുനേരെ നടന്ന ബോംബാക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ല അതീവ ജാഗ്രതയിലാണ്. 


കണ്ണൂരില്‍ 34പേരെ കരുതല്‍ തടങ്കലിലാക്കി. 13 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അതേസമയം, നാല് ദിവസത്തെ അക്രമസംഭവങ്ങള്‍ക്ക് ശേഷം കേരളം ഇന്ന് ശാന്തമാവുകയാണ് എന്ന് തന്നെ പറയാം. അര്‍ധ രാത്രിയിലും പുലര്‍ച്ചെയും ഒരിടത്തും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 


അതേ സമയം അക്രമ സംഭവങ്ങളെ തുടര്‍ന്നുള്ള അറസ്റ്റുകള്‍ തുടരുന്നുണ്ട്. ഇതുവരെ 3,282 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു. ഇവരില്‍ 487 പേര്‍ റിമാന്‍ഡില്‍ ആണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 1,286 കേസുകളിലാണ് അറസ്റ്റുകള്‍ തുടരുന്നുത്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.


ഇതിനിടെ കേരളത്തിലെ ക്രമസമാധാന നില ഗവര്‍ണര്‍ കേന്ദ്രത്തെ ധരിപ്പിച്ചു. അക്രമ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.