കുമ്പസാര രഹസ്യം പരസ്യമാക്കി ലൈംഗിക പീഡനം: വൈദികരെ പുറത്താക്കി
ആരോപണവിധേയരായ വൈദികരുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
തിരുവല്ല: കുമ്പസാരം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈഗിക ചൂഷണത്തിന് ഇരയാക്കിയെന്ന ആരോപണത്തിന് പിന്നാലെ അഞ്ച് വൈദികരെ മലങ്കര ഓര്‍ത്തഡോക്സ് സഭ ചുമതലകളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന്‍ വൈദികരേയും, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരേയുമാണ് താല്‍ക്കാലികമായി പുറത്താക്കിയത്.
ഇവരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും സഭാ നേതൃത്വം അറിയിച്ചു.
ആരോപണവിധേയരായ വൈദികരുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇങ്ങനെയാണ് വിഷയം സഭയ്ക്ക് മുന്നിലെത്തിയത്.
എന്നാല്‍ സഭയെ ഒന്നാകെ നാണക്കേടാക്കിയ സംഭവത്തില്‍ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തി. സംഭവത്തില്‍ വിശ്വാസികള്‍ക്കിടയിലും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.