ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജം; പരാതി ഗൂഢാലോചനയുടെ ഭാഗമെന്നും പോലീസ് റിപ്പോർട്ട്
Balachandrakumar: 10 വർഷം മുമ്പ് സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കണ്ണൂർ സ്വദേശിയായ യുവതി പോലീസില്‍ പരാതി നൽകിയത്. എളമക്കര സ്റ്റേഷനിലായിരുന്നു പരാതി നൽകിയത്.
തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്ട്. ആലുവാ മജിസ്ട്രറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരാതി ഗൂഢാലോചനയുടെ ഭാഗമാണ്. ദിലീപിന്‍റെ സുഹൃത്തായ വ്യാസൻ ഇടവണക്കാട് ഉൾപ്പെടെ ആറ് പേർ ഈ ഗൂഢാലോചനയിൽ പങ്കാളികളായെന്നും ഇവർക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 35 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. റഫർ റിപ്പോർട്ടിൻറെ പകർപ്പ് സീ മലയാളം ന്യൂസിന് ലഭിച്ചു. 10 വർഷം മുമ്പ് സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കണ്ണൂർ സ്വദേശിയായ യുവതി പോലീസില്‍ പരാതി നൽകിയത്. എളമക്കര സ്റ്റേഷനിലായിരുന്നു പരാതി നൽകിയത്.
ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യജമാണെന്ന് തെളിഞ്ഞിരിക്കുന്നത്. പരാതിക്കാരി നൽകിയിരിക്കുന്ന വ്യക്തിപരാമായ കാര്യങ്ങൾ അന്വേഷണത്തിൽ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. പേരും വയസ്സുമെല്ലാം വ്യാജമാണെന്ന് റിപ്പോട്ടിൽ പറയുന്നു. 48 വയസാണെന്നാണ് പോലീസിൽ പരാതി നൽകിയപ്പോൾ പറഞ്ഞിരിക്കുന്നത്. എന്നാൽ അന്വേഷണത്തിൽ 58 വയസാണെന്ന് വ്യക്തമായിട്ടുണ്ട്. പരാതി നൽകിയ യുവതി മറ്റൊരു കേസിൽ അന്വേഷണം നേരിടുന്നയാളാണ്.
ദിലീപ് അനുകൂലികളും സംരക്ഷിക്കുന്നലരും പണം നൽകി വാടകയ്ക്കാണ് പരാതിക്കാരിയെ കൊണ്ട് വന്നത്. ദിലീപിന്‍റെ അത്മസുഹൃത്തായ വ്യാസൻ ഇടവണക്കാട് ഉൾപ്പെടെ ആറ് പേർ ഈ ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ട്. നടിയെ അക്രമിച്ച കേസിൽ ദിലീപിനെതിരെ മൊഴി നൽകിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു കേസ് കെട്ടിച്ചമച്ചതെന്നും റിപ്പോർട്ടിലുണ്ട്. പരാതിക്കാരി നൽകിയ മേൽ വിലാസം വ്യാജമാണ്. കോടതിയിൽ നിന്ന് അയച്ച സമൻസും ഇതുവരെ കൈപറ്റിയിട്ടില്ല. പരാതിക്കാരി ഇപ്പോൾ ഒളിവിലാണെന്നാണ് അറിയുന്നത്. ഗൂഢാലോചന നടത്തിയവർക്കെതിരെ പോലീസ് ഉടൻ കേസ് എടുക്കുമെന്നാണ് അറിയാൻ കഴിയുന്നത്. വ്യാജ പരാതി നല്‍കിയതിനെതിരെ ബാലചന്ദ്രകുമാറും നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...