തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ ശശി തരൂരിനേർപ്പെടുത്തിയ അപ്രഖ്യാപിത വിലക്കിനെ തുടർന്നുള്ള പരസ്യപ്രതികരണങ്ങളിൽ നിന്നും നേതാക്കന്മാർ പിന്തിരിയണമെന്ന് കെപിസിസി. ശശി തരൂർ വിഷയത്തിൽ കോൺഗ്രസ് നേതാക്കന്മാർ നടത്തുന്ന പരസ്യ പ്രതികരണങ്ങൾ പാർട്ടിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഇനി പരസ്യ പ്രസ്താവനകൾ ആരുടെയും ഭാഗത്ത് നിന്നുമുണ്ടാകരുതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നിർദേശം നൽകി. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ പാർട്ടിക്കുള്ളിലെ ജനാധിപത്യത്തെ ബാധിക്കുന്നുയെന്നും അവ കോൺഗ്രസിന് പൊതുതലത്തിൽ അവമതിപ്പ് ഉണ്ടാക്കുമെന്ന് കെപിസിസി വാർത്തക്കുറപ്പിലൂടെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കോൺഗ്രസിനുള്ളിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള എല്ലാ അവകാശവും ശശി തരൂരിനുണ്ടെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ലെന്നും സുധാകരൻ വ്യക്തമാക്കി. കൂടാതെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും തരൂരിനെ തടഞ്ഞെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അത് തരൂർ തന്നെ നിഷേധിച്ചിട്ടുണ്ട്. വിവാദങ്ങള്‍ എല്ലാം മാധ്യമ സൃഷ്ടിയാണ്. അത്തരം വ്യാജ പ്രചരണങ്ങളില്‍ നിന്നും സ്വയം മാറിനില്‍ക്കാന്‍ കോൺഗ്രസിന്റെ നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു. 


കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്ന ശശി തരൂർ മുഖ്യമന്ത്രി സ്ഥാനവും പാർട്ടി നേതൃപദവിയും ലക്ഷ്യമിട്ട നീക്കമാണെന്ന് വിലയിരുത്തിയാണ് കോഴിക്കോട്ടെ പരിപാടികളിൽ നിന്നും അപ്രഖ്യാപിത വിലക്കുണ്ടായത്. സംഭവം അതീവ ഗൗരവതരമാണെന്ന് അറിയിച്ചുകൊണ്ട് എം.കെ രാഘവൻ എംപി രംഗത്തെത്തി. ഈ അപ്രഖ്യാപിത വിലക്കിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്നും എം.കെ രാഘവൻ പറഞ്ഞു.


ALSO READ : RSSനെ ന്യായീകരിക്കുന്ന സുധാകരൻ കോൺഗ്രസിന്റെ അന്തകൻ: KPCC അധ്യക്ഷനെതിരെ കണ്ണൂരിൽ പോസ്റ്റർ


കെപിസിസിയുടെ വാർത്തക്കുറിപ്പ്


കോണ്‍ഗ്രസിന്റെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം പാടില്ല: കെ.സുധാകരന്‍ എംപി


കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കര്‍ശന നിര്‍ദ്ദേശം നല്‍കി.


ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന്  അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും നേതാക്കള്‍ പിന്തിരിയണം. മറ്റുവിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും.കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ശശി തരൂരിനുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.


പാര്‍ട്ടിയും പോഷക സംഘടനകളും ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ പോര്‍മുഖത്താണ്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളെ ഗൗരവത്തോട് കൂടിയാണ് കെപിസിസി നോക്കിക്കാണുന്നത്.കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ അഹോരാത്രം കഷ്ടപ്പെടുന്ന നേതാക്കള്‍ മോശക്കാരാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചരണങ്ങളുടെ പിന്നിലെ ദുരുദ്ദേശത്തെ ഒരിക്കലും വച്ചു പൊറുപ്പിക്കില്ല.ഒരു കാലത്തും കാണാത്ത ഐക്യത്തോടെ നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ച് നീങ്ങുമ്പോള്‍ അതിനെ തുരങ്കം വയ്ക്കുന്ന എല്ലാ ശ്രമങ്ങളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.


നേതാക്കളുടെ സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ കെപിസിസി കര്‍ശന നിര്‍ദ്ദേശം ഡിസിസികള്‍ക്ക് നല്‍കിയിട്ടുണ്ട്. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശശി തരൂരിനെ തടഞ്ഞെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അത് അദ്ദേഹവും നിഷേധിച്ചിട്ടുണ്ട്. വിവാദങ്ങള്‍ മാധ്യമ സൃഷ്ടിയാണ്. അത്തരം വ്യാജ പ്രചരണങ്ങളില്‍ നിന്നും സ്വയം മാറിനില്‍ക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്നും സുധാകരന്‍ പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.