ചില യാത്രകൾ അങ്ങനെയാണ്...ആഗ്രഹിച്ച് അതിന്‍റെ  പാരമ്യത്തിൽ എത്തുമ്പോൾ ആകും നമുക്ക് പോകാൻ സാധിക്കുന്നത്.അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് വെള്ളയംഗിരി പർവ്വത നിരകളുടെ താഴ്വാരത്ത് 150 ഏക്കറിലേറെ പരന്നുകിടക്കുന്ന ഇഷാ യോഗ സെന്‍ററും,ആദി യോഗി ശിവനേയും കാണാനുള്ള യാത്ര.


COMMERCIAL BREAK
SCROLL TO CONTINUE READING

ഞാൻ എല്ലാ യാത്രയും ആരംഭിക്കുന്നത് മഴയിൽ ആണ്.ഇത്തവണയും അതിന് മാറ്റം ഇല്ല എന്നാൽ ഒറ്റക്ക് അല്ല പോകുന്നത് കൂടെ അച്ഛനും അമ്മയും സഹോദരിയും ഉണ്ട് ,നാടായ  തിരുവനന്തപുരത്ത് നിന്ന്  രാവിലെ  കൊച്ചിയിലേക്ക് ആണ് പോകുന്നത്,അടുത്ത ദിവസമാണ് ഇഷ യോഗ സെന്‍ററിയിലേക്ക് യാത്ര.അവിടെ അമ്മയുടെ സഹോദരിയുടെ കുടുംബവും നമ്മളോടൊപ്പം ഇഷയിലേക്ക് വരുന്നുണ്ട്.


അടുത്ത ദിവസം രാവിലെ 5  മണിക്ക്  തന്നെ ടാറ്റ ഹെക്സയിൽ നമ്മൾ ഏഴ് പേർ ആദിയോഗി ദർശനത്തിനായി യാത്ര തിരിച്ചു.ഹെക്സയെ കുറിച്ച് പറയാതെ പോകാൻ സാധിക്കില്ല,ടാറ്റ മോട്ടോഴ്‌സ് നിർമ്മിച്ച ഒരു അഡാർ വാഹനമാണ് ഹെക്സ,മികച്ച ബിൽഡ് ക്വാളിറ്റിയും ഈ വാഹനത്തിനുണ്ട്.അപ്പോൾ നമുക്ക് തിരിച്ച് യാത്രയിലേക്ക് വരാം.രാവിലെ തന്നെ കനത്ത മഴ ആണ്. ഓറഞ്ച് അലർട് മുന്നറിയിപ്പ് ഉണ്ട് പല ജില്ലകളിലും. പോകുന്ന വഴി കുതിരാന് തുരങ്കം കാണാം, പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പാണ് ഈ നിർമിതി.പാലക്കാടൻ മണ്ണിലേക്ക് യാത്ര എത്തി ,മഴയുടെ ശക്തി കുറഞ്ഞു എങ്കിലും ഒഴിയുന്നില്ല.



അതിർത്തിയായ വാളയാർ എത്തിയപ്പോൾ വിശപ്പ് സഹിക്കാൻ പറ്റാതെ ആയി ,ബിരിയാണി കഴിക്കാനുള്ള മോഹം ഉദിച്ചതും ഒരുമിച്ചായിരുന്നു.ഒന്നും നോക്കിയില്ല വണ്ടി നിർത്തി ആദ്യം കണ്ട കടയിൽ കയറി നല്ല ദിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി അങ്ങ് കഴിച്ചു.തമിഴ് മണ്ണിലേക്ക് എത്തിയപ്പോൾ മഴ അല്പം മാറി എങ്കിലും മേഘങ്ങൾ കോട്ടകെട്ടിയ അവകാശമാണ് .ആദിയോഗിയിലേക്ക്‌ അടുക്കുംതോറും ശരീരത്തിൽ വല്ലാത്തൊരു ഊർജ്ജം എത്തുന്നത് പോലെ.കോയമ്പത്തൂരിൽനിന്ന്‌ ഏകദേശം 40 കി.മീ. ദൂരെ വെള്ളിയാംഗിരിയുടെ താഴ്‌വാരത്തിലാണ്‌ ഇഷ യോഗ സെന്റർ. 1994-ൽ സദ്‌ഗുരു ജഗ്ഗി വാസുദേവ്‌ സ്ഥാപിച്ച ആശ്രമമാണിത്‌.സഹ്യാദ്രി മലകൾ അതിർത്തി കെട്ടിയ അതിമനോഹരമായ ഗ്രാമങ്ങളിലൂടെയാണ് യാത്ര.കളങ്കവും ഏച്ചുകെട്ടലുകളും ഇല്ലാത്ത ഗ്രാമീണ ജീവിതമാണ് ഇവിടെ.



നീണ്ട യാത്രക്കൊടുവിൽ ആദിയോഗി എന്ന അമാനുഷന്‍റെ അടുക്കൽ  ഞാൻ എത്തി.ചുറ്റും പച്ച പരവതാനി വിരിച്ച കണക്കെ മലനിരകൾക്ക് നടുവിൽ ആദിയോഗി.ഇഷ യോഗാ ഫൗണ്ടേഷൻ കേന്ദ്രത്തിലെ ആദിയോഗി പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയാണ്. യോഗ ഉപജ്ഞാതാവ് ആദിയോഗി ശിവന്‍റേതാണ് ആത്മപരിവർത്തനത്തിനുള്ള 112 മാർഗങ്ങളെ പ്രകീർത്തിക്കുന്ന 112.4 അടി ഉയരമുള്ള പ്രതിമ.കൂടാതെ കഴുത്തിലെ സർപ്പം പ്രകൃതിസൗഹൃദത്തിന്‍റേയും ജീവജാലങ്ങളോടുള്ള സഹവർത്തിത്തത്തിന്‍റേയും തെളിവാണെന്നാണ് വിശ്വാസം.


ആദിയോഗി ഒരു മനുഷ്യനായിരുന്നു. അതാണ്‌ നമ്മള്‍ എപ്പോഴും ഓര്‍മ്മ വെക്കേണ്ടത്‌. സ്വന്തം ജീവിതപശ്ചാത്തലം എന്തു തന്നെയായാലും ഓരോ മനുഷ്യനും ഈ ഔന്നത്യത്തിലേക്കെത്താന്‍ കഴിയുമെന്ന്‍ അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തുന്നു.2 മണിക്കൂറോളം സമയം അവിടെ ചിലവഴിച്ചു,എന്നാൽ മഴ തമിഴ് മണ്ണിലും വീറോടെ എത്തി,അതുകൊണ്ട് നമ്മളും ഇഷയോടും ആദിയോഗിയോടും വിട പറഞ്ഞു.എന്നാൽ ഒരു നാൾ വീണ്ടും തിരികെ എത്തും എന്ന ഉറച്ച വിശ്വാസത്തിൽ...



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.