Sidheeq Kappan : സിദ്ധിഖ് കാപ്പന് ജാമ്യം; ജാമ്യം ലഭിച്ചത് ഇ.ഡി കേസിൽ, ഉടൻ ജയിൽ മോചിതനാകും
Siddique Kappan Bail : എൻഐഎ കേസിൽ കാപ്പന് നേരത്തെ ജാമ്യം കിട്ടിയിരുന്നു. ഇതോടെ കാപ്പന് ജയിൽ മോചനം സാധ്യമാകും.
ദില്ലി: മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ലഖ്നൗ ബെഞ്ച് സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. എൻഐഎ കേസിൽ കാപ്പന് നേരത്തെ ജാമ്യം കിട്ടിയിരുന്നു. ഇതോടെ കാപ്പന് ജയിൽ മോചനം സാധ്യമാകും. ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ വിചാരണകോടതി നേരത്തെ കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാൽ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ജാമ്യം ലഭിക്കുന്നതിന് വഴിയൊരുങ്ങുകയായിരുന്നു.
ഹാത്രാസിൽ പെൺകുട്ടി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട കേസിൽ റിപ്പോർട്ടിംഗിനായി പോയ സിദ്ദിഖ് കാപ്പന് നേരെ കേന്ദ്രം യുഎപിഎ ചുമത്തി കേസെടുക്കുകയും തുടർന്ന് ജയിലിൽ അടയ്ക്കുകയായിരുന്നു. ഇതിന് പുറമെ സിദ്ദിഖ് കാപ്പന്റെ പക്കൽ നിന്ന് 45,000 രൂപ കണ്ടെടുക്കുകയും ഉറവിടം വ്യക്തമാകാത്തതിനാൽ അനധികൃതമായി പണം കൈവശം വച്ചതിന് എഫ് ഐ ആ റിട്ട് കേസെടുക്കുകയായിരുന്നു.
ALSO READ: സിദ്ദിഖ് കാപ്പന് ജാമ്യമില്ല; ഇഡി കേസിലെ ജാമ്യാപേക്ഷ തള്ളി
നേരത്തെ യു.പി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം കിട്ടാത്തതിനെ തുടർന്ന് ജയിൽ മോചനം സാധ്യമായിരുന്നില്ല. ഈ കേസിൽ കൂടി ജാമ്യം കിട്ടിയ സാഹചര്യത്തിൽ വേഗത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി കാപ്പനെ ജയിൽമോചിതനാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും അഭിഭാഷകരും.
യുഎപിയെ കേസിൽ നടപടിക്രമങ്ങൾ ബാക്കിയുള്ളതിനാൽ അത് പൂർത്തിയാക്കാൻ സമയമെടുക്കും എന്നുള്ള കാര്യമാണ് അറിയാൻ കഴിയുന്നത്. രണ്ടു പേരുടെ ആൾ ജാമ്യവും കേസിൽ ലഭിക്കണം. ഇതിന്റെ നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കുന്നതോടെ പൂർണമായും സിദ്ദിഖ് കാപ്പന് ജയിൽ മോചിതനാകാൻ കഴിയും. അതേസമയം സിദ്ധിഖ് കാപ്പന് ജാമ്യം ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നും, ഒരു കാരണവും ഇല്ലാതെയാണ് കാപ്പനെ ജയിലിൽ അടച്ചതെന്നും ഭാര്യ റൈഹാനത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...