സിൽവർ ലൈനിൽ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാനം; ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാന് കത്ത് നൽകി
silver line: ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിടുന്ന സാഹചര്യത്തിൽ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
തിരുവനന്തപുരം: സിൽവർ ലൈനിൽ സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രാനുമതി തേടി. കേന്ദ്രാനുമതി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയിൽവെ ബോർഡ് ചെയർമാന് സർക്കാർ കത്ത് നൽകി. ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിടുന്ന സാഹചര്യത്തിൽ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. സിൽവർ ലൈനിന് കേന്ദ്രാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ച മുൻപ് നൽകിയ കത്തിന് മറുപടി ലഭിച്ചിട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുൻപാണ് കത്ത് നൽകിയത്. ഈ കത്തിന് കേന്ദ്രസർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും കത്ത് നൽകിയത്. സിൽവർ ലൈൻ വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞതിന് ശേഷം തുടർനടപടി സ്വീകരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം.
ഡിപിആർ സമർപ്പിച്ച് ഒരു വർഷമായിട്ടും ഇതുവരെ കേന്ദ്രത്തിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ല. റെയിൽവേ ബോർഡും റെയിൽവെ മന്ത്രിയും സിൽവർലൈൻ പദ്ധതിക്ക് എതിരായ പരമാർശങ്ങളാണ് തുടർച്ചയായി നടത്തുന്നത്. ഈ സാഹചര്യത്തിൽ പദ്ധതിക്ക് വേഗത്തിൽ കേന്ദ്രാനുമതി ലഭിക്കാൻ സാധ്യതയില്ലെന്നാണ് സംസ്ഥാന സർക്കാർ വിലയിരുത്തുന്നത്. ഡിപിആർ കേന്ദ്ര സർക്കാർ തള്ളിയാൽ അതിന്റെ പേരിൽ സംസ്ഥാന സർക്കാരിന് പദ്ധതി ഉപേക്ഷിക്കാനാകും. സ്വപ്ന പദ്ധതി എന്തുകൊണ്ട് ഉപേക്ഷിച്ചു എന്ന ചോദ്യത്തിന് കേന്ദ്രത്തിനെ പഴി ചാരി രക്ഷപ്പെടാനും സർക്കാരിനും ഇടത് മുന്നണിക്കും കഴിയും.
ALSO READ: 'സംഘപരിവാർ രാജ്യത്തെ നാണം കെടുത്തി'; പ്രവാചക നിന്ദ വിഷയത്തിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി
സിൽവർലൈൻ പദ്ധതി ഉയർത്തിക്കാട്ടി പ്രചാരണം നടത്തിയ തൃക്കാക്കരയിൽ ഇടത് മുന്നണിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. പദ്ധതിക്കെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം നിലനിൽക്കുന്നു എന്ന തിരിച്ചറിവിലേക്ക് സിപിഎമ്മും എത്തിച്ചേർന്നിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അതിരടയാളക്കല്ലുകൾ സ്ഥാപിച്ചുള്ള സർവ്വെയിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോയാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. സിപിഐ അടക്കമുള്ള ഘടകകക്ഷികൾക്കും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനോട് താൽപ്പര്യമില്ല.
തൃക്കാക്കരയിലെ പാഠം ഉൾക്കൊണ്ട് സിൽവർലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കമോ എന്നാണ് ഇനിയറിയാനുള്ളത്. എന്തു വന്നാലും പദ്ധതി നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തും അദ്ദേഹം അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ സിൽവർ ലൈൻ പദ്ധതി പരമാർശിക്കാതെയായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളും നിലപാട് മയപ്പെടുത്തി. ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ശബരിമല വിഷയത്തിൽ നിന്ന് സിപിഎമ്മും സർക്കാരും പിന്നോട്ട് പോയിരുന്നു. തെറ്റുപറ്റിയെന്ന് ജനങ്ങളോട് ഏറ്റു പറയാനും നേതാക്കൾ തയ്യാറായി. തൃക്കാക്കരയിൽ യുഡിഎഫിന് മികച്ച വിജയം നേടാനായത് സിൽവർലൈൻ പദ്ധതിക്കെതിരായ വികാരമാണെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ പദ്ധതി നടപ്പിലാക്കാനുള്ള എല്ലാ ശ്രമങ്ങളെയും പ്രതിപക്ഷം സർവ്വ ശക്തിയുമെടുത്ത് എതിർക്കുമെന്ന കാര്യം ഉറപ്പാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...