'സംഘപരിവാർ രാജ്യത്തെ നാണം കെടുത്തി'; പ്രവാചക നിന്ദ വിഷയത്തിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി

Controverisial Remarks on Prophent മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ

Written by - Zee Malayalam News Desk | Last Updated : Jun 6, 2022, 09:28 PM IST
  • മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്.
  • അവരുടെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്കു പുറമേയാണ് ഇതും.
  • നിരവധി ഇസ്ലാമിക രാഷ്ട്രങ്ങൾ ബിജെപിയുടേയും സംഘപരിവാറിന്റെയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയർത്താൻ ഇടയായിരിക്കുന്നു.
  • ഇന്ത്യയോട് വളരെ സൗഹാർദ്ദപൂർവമായ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'സംഘപരിവാർ രാജ്യത്തെ നാണം കെടുത്തി'; പ്രവാചക നിന്ദ വിഷയത്തിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ സംഘപരിവാർ ശക്തികൾ എത്തിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ ഏറ്റവും പുതിയ അധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളിൽ നിന്നും പ്രവാചകനെതിരെയുണ്ടായ വർഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്താവനകളെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്. അവരുടെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്കു പുറമേയാണ് ഇതും. അനേക ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിർണായക സംഭാവനകൾ നൽകുകയും ചെയ്യുന്ന നിരവധി ഇസ്ലാമിക രാഷ്ട്രങ്ങൾ ബിജെപിയുടേയും സംഘപരിവാറിന്റെയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയർത്താൻ ഇടയായിരിക്കുന്നു. ഇന്ത്യയോട്  വളരെ സൗഹാർദ്ദപൂർവമായ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ALSO READ : Nupur Sharma Controversy: ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദയെ അപലപിച്ച് സൗദി അറേബ്യ, ബഹ്‌റൈന്‍

പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബിജെപി നേതാവിന്റെ വാക്കുകളിലൂടെ പുറത്തു വന്നത്. ഓരോ പൗരനും അയാൾക്ക് ഇഷ്ടമുള്ള മതങ്ങളിൽ വിശ്വസിക്കാനുള്ള അവകാശം നൽകുന്ന നമ്മുടെ ഭരണഘടനയെ അവർ തീർത്തും അവഗണിക്കുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മറ്റൊരു മതസ്ഥന്റെ വിശ്വാസത്തേയും സംസ്കാരത്തേയും അവഹേളിക്കാനോ നിഷേധിക്കാനോ ഉള്ള അവകാശം ഭരണഘടന ആർക്കും നൽകുന്നില്ല. നമ്മുടെ നാടിന്റെ മഹത്തായ മത നിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നികൃഷ്ട ശ്രമങ്ങൾക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. അതിലുപരിയായി വർഗീയ ശക്തികൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും ഒറ്റക്കെട്ടായ എതിർപ്പ് ഉയർന്നു വരണം. നാടിന്റ ഭാവിയെ സംബന്ധിച്ചിടത്തോളം ഇത്  അനിവാര്യതയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ : മഹാദേവിനെ അപമാനിക്കുന്നത് സഹിക്കാൻ കഴിഞ്ഞില്ല, എന്‍റെ വാക്കുകൾ നിരുപാധികം പിൻവലിക്കുന്നു, നൂപുര്‍ ശര്‍മ

സംഭവത്തിൽ അപലപിച്ച് കൂടുതൽ അറബ് രാജ്യങ്ങൾ

അതേസമയം ബിജെപി വക്താക്കളായിരുന്ന നൂപുർ ശർമയും നവീൻ കുമാർ ജിൻഡാലും നടത്തിയ പരാമർശങ്ങളിൽ കൂടുതൽ അറബ് രാജ്യങ്ങൾ രംഗത്തെത്തുകയും ചെയ്തു. ഖത്തറാണ് ആദ്യ വിഷയത്തിൽ അതൃപ്തി അറിയിക്കുകയും ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. പിന്നാലെ ഒമാനും, സൗദി അറേബ്യയും, ബഹ്‌റൈനും, ജോർദാനും, ഇറാനും സംഭവത്തിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു. അതേസമയം ഇന്ത്യയിൽ നൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുയെന്ന പാകിസ്ഥാൻ ആരോപിക്കുകയും ചെയ്തു. സംഭവത്തിൽ രണ്ട് നേതാക്കളെ ബിജെപി ദീർഘക്കാലത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News