Attappadi child death | അട്ടപ്പാടിയിൽ സെറിബ്രൽ പാൾസി ബാധിച്ച് ആറ് വയസുകാരി മരിച്ചു
കുഞ്ഞ് ശ്വാസം മുട്ടലിനെ തുടർന്നാണ് മരിച്ചതെന്നാണ് റിപ്പോർട്ട്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം (Attappadi child death). കടുകുമണ്ണ ഊരിലെ ജെക്കി-ചെല്ലൻ ദമ്പതിമാരുടെ ആറ് വയസ്സുള്ള മകളാണ് മരിച്ചത്. സെറിബ്രൽ പാൾസി ബാധിച്ച കുഞ്ഞ് ശ്വാസം മുട്ടലിനെ തുടർന്നാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിച്ച് വെൻ്റിലേറ്റർ സൗകര്യം അടക്കം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അട്ടപ്പാടിയിൽ 24 മണിക്കൂറിനിടെ മൂന്നാമത്തെ കുഞ്ഞാണ് മരിക്കുന്നത്. മൂന്ന് ദിവസം മാത്രമായ കുഞ്ഞ് വെള്ളിയാഴ്ച രാവിലെ മരിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ചാണ് ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞ് മരിച്ചത്. കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച വൈകിട്ട് അഗളി പഞ്ചായത്തിലെ കതിരമ്പതിയൂരിലെ രമ്യ-അയ്യപ്പൻ ദമ്പതിമാരുടെ 10 മാസം പ്രായമായ പെൺകുഞ്ഞും മരണപ്പെട്ടു. അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയിലായിരുന്നു മരണം. കുട്ടി ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണനും ആരോഗ്യമന്ത്രി വീണാ ജോർജും റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് പട്ടികവർഗ ഡയറക്ടർ ടിവി അനുപമയ്ക്ക് മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. മന്ത്രിമാരായ കെ രാധാകൃഷ്ണനും വീണാ ജോർജും അട്ടപ്പാടിയിൽ സന്ദർശനം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...