ആദ്യ വരുമാനത്തിൽ സാധിച്ച ആഗ്രഹം, ഇനി ജീവിതത്തിലെ ലക്ഷ്യം ഇതാണ്; മനസു തുറന്ന് യൂട്യൂബർ ലിയ മാത്യു
സോഷ്യൽ മീഡിയയും യൂട്യൂബ് ചാനലുകളും തരംഗമാകുന്ന ഇന്നത്തെ കാലത്ത് ആശയങ്ങളിലെയും അവതരണ ശൈലിയിലെയും പുതുമ കൊണ്ട് വ്യത്യസ്തയാകുകയാണ് ലിയ മാത്യു എന്ന വിദ്യാർത്ഥിനി.
സോഷ്യൽ മീഡിയയും യൂട്യൂബ് ചാനലുകളും തരംഗമാകുന്ന ഇന്നത്തെ കാലത്ത് ആശയങ്ങളിലെയും അവതരണ ശൈലിയിലെയും പുതുമ കൊണ്ട് വ്യത്യസ്തയാകുകയാണ് ലിയ മാത്യു എന്ന വിദ്യാർത്ഥിനി.
സ്വന്തം ശബ്ദത്തിൽ നമുക്ക് ചുറ്റുമുള്ള ഓരോരുത്തരെയും കഥാപാത്രങ്ങളാക്കിയാണ് പാലക്കാട്ടുകാരിയായ ലിയ വീഡിയോകൾ ചെയ്യുന്നത്. ടിക് ടോകിലൂടെ തുടങ്ങിയ അഭിനയമാണ് സൈബർ ഫോറൻസിക് വിദ്യാർഥിനി കൂടിയായ ലിയയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായ യൂട്യൂബർ ആക്കി മാറ്റിയത്. മൂന്ന് ലക്ഷത്തിലധികം ആരാധകരാണ് യുട്യൂബിൽ മാത്രം ലിയയ്ക്കുള്ളത്. പഠനത്തോടൊപ്പം സ്വയം പര്യാപ്തതയിലേക്ക് എത്തിയതിന്റെ വിജയകഥ Zee Malayalam ന്യൂസിനോട് പങ്കുവയ്ക്കുകയാണ് ലിയ.
തുടക്കം ടിക് ടോക്കിലൂടെ
യാതൊരു കലാപാരമ്പര്യവുമില്ലാതെയാണ് ലിയ യൂട്യൂബ് വ്ളോഗിലേക്ക് കടന്നു വരുന്നത്. കണ്ടന്‍റ് ടൈപ്പ് വീഡിയോകൾ ചെയ്തായിരുന്നു തുടക്കം. ടിക് ടോക്ക് നിരോധിച്ചതോടെ കഷ്ട്ടപ്പെട്ട് ചെയ്ത വീഡിയോകൾ പ്രേക്ഷകരിൽ എത്തിക്കാൻ ഒരു മാധ്യമം എന്ന നിലയിലാണ് യൂട്യൂബിലേക്ക് എത്തുന്നത്. ആദ്യമൊക്ക ടിക്ക് ടോക്കിൽ ചെയ്തിരുന്ന വീഡിയോകളായിരുന്നു യൂട്യൂബിലും അപ്ലോഡ് ചെയ്തിരുന്നത്. അങ്ങനെയാണ് അപ്രതീക്ഷിതമായി ഒരു വീഡിയോ ക്ലിക്ക് ആകുന്നത്. പ്രവാസികളെ കോവിഡ് എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന വീഡിയോയായിരുന്നു അത്. പിന്നാലെ ബാക്കിയുള്ള വീഡിയോകളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങുകയായിരുന്നു. ഒരുമാസം കൊണ്ടുതന്നെ മോണിറ്റൈസേഷനും ലഭിച്ചു. ഇപ്പോൾ യുട്യൂബിൽ മൂന്ന് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സാണ് ലിയയ്ക്കുള്ളത്.
കഥാപാത്രങ്ങൾ പിറക്കുന്നത്
നമുക്ക് ചുറ്റുമുള്ള ഓരോരുത്തരുമാണ് ലിയയുടെ വീഡിയോകളിൽ കഥാപാത്രങ്ങളാകുന്നത്. ചുറ്റുപാടുമുള്ള വ്യക്തികളെ നിരീക്ഷിക്കുക എന്നത് മാത്രമാണ് അതിനായി ചെയ്യുന്ന തയ്യാറെടുപ്പെന്നും ലിയ പറയുന്നു. ലിപ് സിങ്കിംഗ് വീഡിയോകൾക്ക് പകരം കണ്ടന്റ് വീഡിയോകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. വീഡിയോയ്ക്ക് ആവശ്യമായ കണ്ടന്റുകൾ സ്വയം കണ്ടെത്തുകയാണ് ചെയ്യുന്നത്. കൂടാതെ മറ്റുള്ളവരുടെ അഭിപ്രായം എന്ന നിലയിൽ കമന്റ് ബോക്സിൽ വരുന്നവയും പരിഗണിക്കാറുണ്ടെന്നും ലിയ പറയുന്നു. മറ്റുള്ളവർ ചെയ്യുന്ന കണ്ടന്‍റുകൾ തന്നെ ചെയ്തിട്ട് കാര്യമില്ല. അധികമാരും ചെയ്യാത്ത കണ്ടന്‍റുകൾക്കായിരിക്കും കൂടുതൽ കാഴ്ചക്കാരെ ലഭിക്കുക. ഫോളോവേഴ്‌സിനെ മടുപ്പിക്കാത്ത രീതിയിൽ വ്യത്യസ്തമാർന്ന കണ്ടന്റുകൾ കൊടുക്കാൻ കഴിഞ്ഞാൽ അവർ പിൻതുണയ്ക്കുമെന്നും ലിയ പറയുന്നു.
അവതരണം സ്ക്രിപ്റ്റ് ഇല്ലാതെ
ഓരോ രംഗങ്ങളും ഡയലോഗുകളും എഴുതി തയ്യാറാക്കി അവതരിപ്പിക്കുന്നവർക്കിടയിലും വ്യത്യസ്തയാണ് ലിയ. എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റ് ഇല്ലാതെയാണ് ലിയയുടെ അഭിനയമെല്ലാം. എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിച്ച ശേഷം മനസ്സിൽ അതിനെപ്പറ്റി ഒരു ധാരണയുണ്ടാക്കും. എന്നിട്ടാണ് അഭിനയിക്കുന്നത്. ഡയലോഗുകളെല്ലാം ആ നിമിഷത്തിൽ സംഭവിക്കുന്നതാണെന്നും ലിയ പറയുന്നു.
എന്‍റെ ധൈര്യം അവർ
തന്‍റെ ഏറ്റവും വലിയ ധൈര്യം വീട്ടുകാരുടെ സ്പ്പോര്‍ട്ടാണെന്നാണ് ലിയ പറയുന്നത്. പപ്പയും മമ്മിയുമാണ് ഏറ്റവും കൂടുതൽ പിൻതുണ നൽകുന്നത്. യാതൊരു കലാപാരമ്പര്യവുമില്ലാതെയാണ് ഈ രംഗത്തേക്കുള്ള കടന്നു വരവ്. സ്കൂൾ കാലഘട്ടത്തിലൊക്കെ ഒന്നിച്ച് പഠിച്ചവരും ടീച്ചർമാരുമൊക്കെ ഇപ്പോൾ കാണുമ്പോൾ അതിശയിക്കാറുണ്ട്. ഇങ്ങനെയൊരു കഴിവ് ഉള്ളിൽ ഉറങ്ങികിടക്കുവായിരുന്നോ എന്നൊക്കെയാണ് അവരുടെ ചോദ്യം. പുറത്തുപോകുമ്പോൾ മറ്റുള്ളവർ തിരിച്ചറിയുന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും വലിയ സന്തോഷം നൽകുന്ന കാര്യങ്ങളാണ്. ഒരു സാധാരണക്കാരിയെ സംബന്ധിച്ച് ഇതൊക്കെ വളരെ വലിയ കാര്യമാണെന്നും ലിയ പറയുന്നു.
വീഡിയോയിലെ പല മുഖങ്ങൾ
വീഡിയോയിലെ പല മുഖങ്ങളായി ലിയ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. അതിന് പിന്നിലും ഒരു കാരണമുണ്ട്. മറ്റൊരാളുടെ മുന്നിൽ നിന്ന് വീഡിയോ ചെയ്യാൻ തന്നെകൊണ്ട് കഴിയില്ലെന്നാണ് ലിയ പറയുന്നത്. തന്റേതായ ഒരു സ്പേസിൽ നിന്നാൽ മാത്രമേ കംഫർട്ട് ആകുകയുള്ളു. ഒറ്റയ്ക്ക് ആകുമ്പോൾ കുറെ വേഷങ്ങളൊക്കെ ചെയ്യാനുള്ള കോൺഫിഡൻസ് ലഭിക്കും. അതിന് ഏറ്റവും നല്ലത് തന്‍റെ മുറി തന്നെയാണെന്നും ലിയ പറയുന്നു.
സിനിമയിലേക്ക് ഇല്ല
അഭിനയം ഇഷ്ട്ടമാണെങ്കിലും തനിക്ക് സിനിമാ മോഹങ്ങൾ ഇല്ലെന്നാണ് ലിയ പറയുന്നത്. സൈബർ ഫോറൻസിക് ആണ് പഠിക്കുന്നത്. ആ കരിയറിൽ മുന്നോട്ട് പോകാനാണ് താൽപര്യം. എന്റെ ഫസ്റ്റ് ചോയ്സ്. ഒപ്പം സൈഡായി യുട്യൂബും കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും ലിയ പറയുന്നു.
യൂട്യൂബ് നൽകിയ വലിയ സൗഹൃദം
യൂട്യൂബിലൂടെ നേടിയ ഒരു വലിയ സൗഹൃദത്തെ കുറിച്ചും തുറന്നു പറയുകയാണ് ലിയ. യൂട്യൂബറായ നീതുവുമായുള്ള സൗഹൃദത്തെ കുറിച്ചാണ് ലിയ പറയുന്നത്. തനിക്ക് നീതു സ്വന്തം സഹോദരിയെ പോലെയാണെന്നും തന്നെ എല്ലാ കാര്യങ്ങളിലും വളരെയധികം സപ്പോർട്ട് ചെയ്യാറുണ്ടെന്നും ലിയ പറയുന്നു. സോഷ്യൽ മീഡിയയിൽ നിന്നും വളരെ വലിയ സപ്പോർട്ടാണ് ലഭിക്കുന്നത്. വ്യത്യസ്തമായ കണ്ടന്റുകൾ എന്ന രീതിയിൽ അഭിനന്ദനം ലഭിക്കാറുണ്ടെന്നും ലിയ പറഞ്ഞു.
മനസിലെ ഏറ്റവും വലിയ ആഗ്രഹം
യൂട്യൂബിന്‍റെ സാധ്യതകൾ മനസിലാക്കിയായിരുന്നില്ല ഇതിലേക്കുള്ള കടന്നു വരവ്. അതുകൊണ്ടു തന്നെ ആദ്യമായി യുട്യൂബിൽ നിന്നും വരുമാനം കിട്ടിയപ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമാണ് ഉണ്ടായത്. ആദ്യമായി കിട്ടിയ വരുമാനം ഒരിക്കലും മറക്കാൻ കഴിയില്ല. ആ തുക പള്ളിയിലേക്ക് കൊടുക്കുകയായിരുന്നു ചെയ്തത്. ആദ്യമായി ഒരു വരുമാനം ലഭിച്ചാൽ അത് പള്ളിയിലേക്ക് കൊടുക്കണം എന്നായിരുന്നു ആഗ്രഹം. അങ്ങനെ അത് തനിക്ക് സാധിച്ചു എന്നും ലിയ പറയുന്നു. സ്വന്തമായുള്ള വരുമാനം കൊണ്ട് ഒരു വീട് എന്നതാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹമെന്നും ലിയ തുറന്നു പറയുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.