കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. കേരളത്തിലെ സാഹചര്യം അറിയാതെയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം. രേഖ ശര്‍മയുടെ പരാമര്‍ശം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് സംശയിക്കുന്നതായും ജോസഫൈന്‍ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൂടാതെ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യം കോടതിയില്‍ എത്തുമ്പോള്‍ വ്യക്തമാകും. ഹാദിയ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം തികച്ചും അനൗചിത്യമാണെന്നും ജോസഫൈന്‍ പറഞ്ഞു.


എന്നാല്‍ സംസ്ഥാന വനിതാ കമ്മീഷന്‍റെ പരാമര്‍ശത്തെ എതിര്‍ത്തുകൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ വീണ്ടും രംഗത്തെത്തി. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി അവര്‍ പറഞ്ഞു. കൂടാതെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍റെ പ്രസ്താവന രാഷ്ട്രീയപരമെന്നും അവര്‍ പറഞ്ഞു. നിര്‍ബന്ധിതമായും അല്ലാതെയും കേരളത്തില്‍ മതംമാറ്റം നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ ചില തീവ്രവാദ സംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്. മറ്റൊരു മതത്തോടുള്ള സ്‌നേഹം കൊണ്ടല്ല പല മതം മാറ്റങ്ങളും നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഇന്നലെ ഫാദിയയെ സന്ദര്‍ശിച്ച ശേഷം അവള്‍ സന്തോഷവതിയാണെന്നും, കോടതിയിലെത്തേണ്ട തിയതിയായ നവംബര്‍ 27 ആകാന്‍ അവള്‍ കാത്തിരിക്കുകയാണെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞിരുന്നു.


രേഖ ശര്‍മ്മ വൈക്കത്തെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ലവ് ജിഹാദ് അല്ല നിര്‍ബന്ധിത മത പരിവര്‍ത്തനമാണ് നടന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹാദിയയുടെ നിലപാടു സംബന്ധിച്ച യാതൊന്നും ചർച്ചയായില്ലെന്നും 27നു കോടതിയിൽ ഹാജരാകുമ്പോൾ ഹാദിയ സ്വന്തം നിലപാടു വ്യക്തമാക്കുമെന്നും രേഖ ശർമ്മ അറിയിച്ചിരുന്നു. 


മാധ്യമങ്ങൾ ആരോപിക്കുന്നത് പോലെ ഹാദിയ വിഷയത്തിൽ മാനുഷ്യാവകാശ ലംഘനങ്ങൾ ഒന്നും നടന്നിട്ടില്ല. എന്നാൽ കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്നും അധ്യക്ഷ ആരോപിച്ചിരുന്നു.