നിയമവിരുദ്ധ റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ കര്‍ശന നടപടി, പോലീസ് നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി
പരാതികളറിയിക്കാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനുമുള്ള സംവിധാനം ഏര്‍പ്പെടുത്തും. പോലീസ് വകുപ്പ്, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ്, നോര്‍ക്കാ റൂട്ട്‌സ് എന്നിവര്‍ ചേര്‍ന്ന് ഇതിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.
തിരുവനന്തപുരം: നിയമവിരുദ്ധമായി വിദേശത്തേക്ക് നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കലിന്റെ ഭാഗമായുള്ള 'ഓപ്പറേഷന്‍ ശുഭയാത്ര'യുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പരാതികളറിയിക്കാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനുമുള്ള സംവിധാനം ഏര്‍പ്പെടുത്തും. പോലീസ് വകുപ്പ്, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ്, നോര്‍ക്കാ റൂട്ട്‌സ് എന്നിവര്‍ ചേര്‍ന്ന് ഇതിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. പരാതികള്‍ നല്‍കാനും മറ്റുമായി പ്രത്യേക ഇ-മെയില്‍ വിലാസവും ബന്ധപ്പെടേണ്ട നമ്പരും നല്‍കും. പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണമെന്നും വിദേശത്ത് ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍, കുടിയേറ്റ നിയമങ്ങള്‍, തൊഴില്‍പരമായ കാര്യങ്ങള്‍, യാത്രാ അറിയിപ്പുകള്‍ എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ സംസ്ഥാന പോലീസ് മേധാവി, നോര്‍ക്കാ റൂട്ട്‌സ്, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തിൽ സംസാരിച്ചു.
Also Read: Buffer zone: 'ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണം'; നിയമസഭയിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കി
വനിത നേതാവിനോട് അപമര്യാദയായി പെരുമാറി; യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ അച്ചടക്ക നടപടി
പാലക്കാട്: യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിനിടെ വനിത നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയർന്ന നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. സംസ്ഥാന നിര്‍വാഹക സമിതിയംഗവും തിരുവനന്തപുരം സ്വദേശിയുമായ വിവേക് എച്ച് നായരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ദേശീയ നേതൃത്വം പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഇയാളെ ഒഴിവാക്കി.
പാലക്കാട് നടന്ന ചിന്തന്‍ ശിബിരത്തിന്റെ രണ്ടാമത്തെ ദിവസമായിരുന്നു പരാതിക്കിടയാക്കിയ സംഭവം. വനിത നേതാവ് ശുചിമുറിയിലേക്ക് പോകുന്നതിനിടെ മദ്യലഹരിയിലെത്തിയ വിവേക് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നായിരുന്നു പരാതി. മറ്റ് പലര്‍ക്കും ഇതേ അനുഭവം ഉണ്ടായെന്നും തിരുവനന്തപുരം സ്വദേശിനിയായ വനിത നേതാവിന്റെ പരാതിയില്‍ പറയുന്നു. വനിതാ നേതാവിന്റെ പരാതി പരിഗണിച്ച ദേശീയ നേതൃത്വം യൂത്ത് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് വിവേകിനെ പുറത്താക്കുകയായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി.ബി.പുഷ്പലതയാണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് വിവേകിനെ പുറത്താക്കിയതായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റും അറിയിച്ചു.
അതേസമയം വനിതാ നേതാവ് പരാതി നല്‍കിയിട്ടില്ലെന്നും അവരുടെ പേരില്‍ മറ്റാരോ പരാതിയുണ്ടാക്കി അയയ്ക്കുകയായിരുന്നുവെന്നും ഒരു വിഭാഗം ആരോപിക്കുന്നു. പരാതിയുടെ പകര്‍പ്പ് പുറത്തുപോയതിലും ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. നേതാവിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായപ്പോള്‍ തന്നെ പെണ്‍കുട്ടി നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. നടപടിയെടുക്കാമെന്ന നേതൃത്വം നൽകിയ ഉറപ്പില്‍ അവര്‍ തൃപ്തയായിരുന്നുവെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. സംഘടനയെ മോശപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് പരാതി തയാറാക്കി അയച്ചതെന്നും ആക്ഷേപമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...