കോഴിക്കോട്: പരീക്ഷയ്ക്ക് അഞ്ച് ദിവസം മാത്രം അവശേഷിക്കെ ടൈംടേബിള്‍ പുറപ്പെടുവിച്ച സര്‍വകലാശാലയ്ക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് 27ന് ആരംഭിക്കുന്ന പരീക്ഷകളുടെ ക്രമീകരണമാണ് മെയ്‌ 22നു പുറപ്പെടുവിച്ചിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ പരീക്ഷയാണ് മെയ്‌ 27നു ആരംഭിക്കുന്നത്. 


മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വ്വകലാശാല നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. 


എന്നാല്‍ പുതുക്കിയ പരീക്ഷയുടെ ടൈംടേബിള്‍ പുറത്തിറക്കിയത് മെയ്‌ 22നാണ്. മെയ് 27ന് പരീക്ഷ നടത്തുമെന്നുള്ള വിവരം മെയ് 18ന് വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചിരുന്നെങ്കിലും ടൈംടേബിള്‍ പുറത്തുവിട്ടിരുന്നില്ല.


സര്‍വകലാശാലയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. പരീക്ഷ മെയ് മാസത്തില്‍ നടത്തരുതെന്നും പരീക്ഷാ തീയതി നീട്ടി വെയ്ക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.


എന്നാല്‍ സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നും ഈ വിഷയം സംബന്ധിച്ച് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.