കർഷകരെ കണ്ണീരിലാഴ്ത്തി വേനൽമഴ
അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയും കനത്ത കാറ്റും പത്തനംതിട്ട ജില്ലയുടെ പ്രധാന നെല്ലറയായ അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നു.
അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയും കനത്ത കാറ്റും പത്തനംതിട്ട ജില്ലയുടെ പ്രധാന നെല്ലറയായ അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നു. നെല്‍കൃഷിയുടെ തുടക്കം മുതൽ ഏറ്റ തിരിച്ചടി ഒടുക്കം വേനല്‍മഴയുടെ രൂപത്തിലും കർഷകരെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ നാലു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ മേഖലയിലെ ഒട്ടുമിക്ക പാടങ്ങളിലും കൊയ്ത്തിന് പാകമായ നെല്‍ച്ചെടികൾ വീണു കിടക്കുകയാണ്. 80 മുതല്‍ 120 ദിവസം വരെ പ്രായമായ നെല്‍ച്ചെടികളുളള പാടശേഖരങ്ങളാണ് പ്രധാനമായും പ്രതിസന്ധി നേരിടുന്നത്.
ജില്ലയിലെ നെല്ലുത്പാദനത്തിന്റെ എഴുപത് ശതമാനവും പെരിങ്ങര, കടപ്ര, നിരണം, നെടുമ്പ്രം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളുടെ ഗണത്തിലുളള വേങ്ങൽ ഇരുകര, കൈപ്പാല കിഴക്ക്, കൈപ്പാല പടിഞ്ഞാറ്, വേങ്ങൽ പാടം, കരിച്ചെമ്പ്, തോട്ടു പുറം തുടങ്ങിയ പാടങ്ങള്‍ ഒരാഴ്ച കഴിയുമ്പോള്‍ വിളവെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് മഴയെത്തിയത്. 115 ദിവസം വിളവുവേണ്ട 'ജ്യോതി' വിത്താണ് ഇവിടെ വിതച്ചിരിക്കുന്നത്. വേങ്ങല്‍, പടവിനകം, അഞ്ചടി വേളൂര്‍മുണ്ടകം തുടങ്ങിയ വലിയ പാടശേഖരങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല.വേളൂര്‍മുണ്ടകം പാടത്ത് 95 ദിവസം പിന്നിട്ടതാണ് കൃഷി. 130 ദിവസം വിളവെടുപ്പ് പ്രായം വേണ്ട 'ഡി വണ്‍' വിത്താണ് വിതച്ചിരിക്കുന്നത്. വന്‍തോതില്‍ നെല്‍ച്ചെടി ഇവിടെ വീണിട്ടുണ്ട്. വേനല്‍മഴ കൃത്യമായി എത്തിയതോടെ 2008-ലേതിന് സമാനമായി വിളനാശം ഉണ്ടാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.