തൃശൂര്‍ കിട്ടിയില്ലെങ്കിലെന്താ? ഒന്ന് വിറപ്പിച്ചിട്ടുണ്ട്!!
17 ദിവസങ്ങള്‍ മാത്രമായിരുന്നു താരം പ്രചാരണത്തിനിറങ്ങിയിരുന്നത്.
തിരുവനന്തപുരം: തൃശൂരില്‍ മത്സരിച്ച ചലച്ചിത്ര താരം സുരേഷ്ഗോപി മൂന്നാം സ്ഥാനത്താണ് എത്തിയതെങ്കിലും 2,93,822 വോട്ടുകളാണ് അദ്ദേഹം നേടിയെടുത്തത്. അതായത് 2014-നെ അപേക്ഷിച്ച് നോക്കുമ്പോള്‍ 1,91,141 വോട്ടുകളുടെ വര്‍ധനവാണ് ഉണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
17 ദിവസങ്ങള്‍ മാത്രമായിരുന്നു താരം പ്രചാരണത്തിനിറങ്ങിയിരുന്നത്. കുറച്ചുകൂടി നേരത്തെ ഒന്ന് ആസ്സൂത്രണം ചെയ്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഇവിടത്തെ ഫലം ഒന്നുകൂടി മിന്നിക്കാമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. എന്തായാലും അവസാന നിമിഷം അങ്കത്തട്ടിലേറിയ സുരേഷ്ഗോപിയാണ് ഇപ്പോള്‍ തൃശ്ശൂരിലെ താരം.
ഏകദേശം രണ്ട് ലക്ഷം വോട്ടുകളുടെ വര്‍ധനവാണ് സുരേഷ് ഗോപി സ്ഥാനാത്ഥിയായതിലൂടെ ബിജെപിക്ക് അധികം ലഭിച്ചത്. രണ്ടാമത് എത്തിയ രാജാജിയെക്കാളും വെറും 20000 വോട്ടുകളുടെ കുറവാണ് സുരേഷ്ഗോപിയ്ക്ക് ഉണ്ടായിരുന്നത്.
സമൂഹമാധ്യമങ്ങളില്‍ നിരന്തരം ട്രോളിന് വിധേയമായതും സുരേഷ്ഗോപിയ്ക്ക് വളരെ സഹായമായി എന്നുതന്നെ പറയാം. നിലവിലെ രാജ്യസഭാ എംപികൂടിയാണ് അദ്ദേഹം.
തിരുവനന്തപുരത്തിനും പത്തനംതിട്ടയ്ക്കും പുറമേ ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തിയ മറ്റൊരു മണ്ഡലം തൃശൂര്‍ ആയിരുന്നു. ആദ്യം തുഷാര്‍ വെള്ളാപ്പള്ളിയെയാണ് സ്ഥാനാര്‍ത്ഥിയായി കരുതിയിരുന്നത്.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം തൃശൂരിന്‍റെ തിരഞ്ഞെടുപ്പ് ചിത്രത്തെതന്നെ മാറ്റിമറിക്കുകയും തുഷാര്‍ വയനാട്ടിലേയ്ക്ക് പോകുകയും സുരേഷ്ഗോപിയ്ക്ക് തൃശൂര്‍ക്ക് ടിക്കറ്റ് ലഭിക്കുകയും ചെയ്തു.