തിരുവനന്തപുരം: കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് സുരേഷ് ​ഗോപി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സുരേഷ് ​ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. താൻ രാജിവയ്ക്കാൻ പോകുന്നുവെന്ന തെറ്റായ വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ മോദി മന്ത്രിസഭയിൽ അം​ഗമാകാൻ കഴിഞ്ഞതും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ സാധിച്ചതും അഭിമാനകരമായ കാര്യമാണെന്ന് സുരേഷ് ​ഗോപി കുറിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

''മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നു എന്ന തെറ്റായ വാർത്തയാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത് തീർത്തും തെറ്റാണ്. മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.''



ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ​ഗോപി സഹമന്ത്രി സ്ഥാനം ഏറ്റെടുത്തത്. എന്നാൽ ഇതിന് പിന്നാലെ സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം നൽകിയതിൽ സുരേഷ് ​ഗോപിക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. കൂടാതെ സിനിമകൾ ചെയ്ത് തീർക്കാനുണ്ടെന്നും അതിനാൽ തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് പാർട്ടിയോട് അഭ്യർത്ഥിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.