വൈക്കം സത്യാഗ്രഹത്തിൻറെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ആഘോഷ വേദിയിൽ മലയാളത്തിലാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ദ്രാവിഡ ഭാഷ കുടുംബത്തിൽപ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിലെ പ്രിയ സഹോദരീ സഹോദരൻമാരെ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് സ്റ്റാലിൻ തുടങ്ങിയത്. പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരിൽ സ്റ്റാലിൻ കേരളത്തിന് നന്ദിയും അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വൈക്കം സത്യാഗ്രഹത്തിൻറെ ശതാബ്ദി കേരള-തമിഴ്നാട് സംസ്ഥാനങ്ങൾ ഒരുമിച്ച് ആഘോഷിക്കണമെന്ന് താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി സ്റ്റാലിൻ പറഞ്ഞു. ആഘോഷം അത്തരത്തിൽ തന്നെ നടത്താമെന്ന് പറഞ്ഞ് പിണറായി വിജയൻ തന്നെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായതെന്നും രണ്ട് ഉടലാണെങ്കിലും ചിന്ത കൊണ്ട് താനും പിണറായി വിജയനും ഒന്നാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. 


ALSO Read: ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ പ്രഖ്യാപിച്ച എൽഡിഎഫ് ഹർത്താൽ പിൻവലിച്ചു


തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുകയാണെങ്കിലും ചടങ്ങിൽ പങ്കെടുക്കണമെന്ന അതിയായ ആഗ്രഹം കാരണമാണ് എത്തിയതെന്ന് സ്റ്റാലിൻ വ്യക്തമാക്കി. വൈക്കം സത്യാഗ്രഹം എന്നാൽ കേരളത്തിന് മാത്രമല്ല, തമിഴ്നാടിനെ സംബന്ധിച്ചും മഹത്തായ പോരാട്ടമായിരുന്നു. രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹ സമരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


അതേസമയം, ചാതുർ വർണ്യത്തിനെതിരായ യുദ്ധകാഹളമാണ് വൈക്കത്ത് മുഴങ്ങിയതെന്നും സമരങ്ങളിൽ തമിഴ്നാടിനും കേരളത്തിനും ഓരേ പാരമ്പര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാറ് മറക്കൽ സമരം, അരുവിപ്പുറം പ്രതിഷ്ഠ, കല്ലുമാല സമരം, വില്ലുവണ്ടി യാത്ര, ഗുരുവായൂർ സത്യാഗ്രഹം എന്നിങ്ങനെ നിരവധി നവോത്ഥാന മുന്നേറ്റങ്ങൾ ഉൾപ്പെട്ട ശൃംഖലയിലെ ശക്തമായ കണ്ണിയാണ് വൈക്കം സത്യാഗ്രഹം. സാമുദായിക നവോത്ഥാന സംരംഭങ്ങളും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും വൈക്കം സത്യാഗ്രഹത്തിൽ ഒരുമിച്ച് ചേർന്നു. രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ കൂടെ നേതൃത്വത്തിൽ സാമൂഹിക ദുരാചാരങ്ങൾക്ക് എതിരെ അങ്ങനെയൊരു പോരാട്ടം അതുവരെ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 


സംസ്ഥാന സർക്കാരിൻറെ 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങൾക്കാണ് ഇന്ന് തുടക്കമായത്. വൈകീട്ട് നാല്  മണിയോടെ വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിലെത്തിയ സ്റ്റാലിനും പിണറായി വിജയനും സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വേദിയിലേക്കെത്തിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.