Tanur Boat Accident: രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, മുഖ്യമന്ത്രി ഇന്ന് നേരിട്ടെത്തും
Tanur Boat Accident: രാഷ്ട്രപതി ദ്രൗപതി മുര്‍മുവും അപകടത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ പ്രതിപക്ഷ നേതാവും ഇന്ന് താനൂരിലെത്തും
താനൂര്‍: കേരളത്തെ കണ്ണീരിലാഴ്ത്തിയ ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും അപകടത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും അപകടത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവച്ച് മുഖ്യമന്ത്രി ഉടന്‍ താനൂരിലെത്തും. മെയ് 8, തിങ്കളാഴ്ച സര്‍ക്കാര്‍ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നടക്കേണ്ട, താലൂക്ക് തല അദാലത്തുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവയ്ക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് താനൂരിലെത്തും. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സാഹചര്യമാണ് താനൂരില്‍ ഉണ്ടായത് എന്ന് അദ്ദേഹം പ്രതികരിച്ചു. അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സമീപത്തെ ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെയ് 7, ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്കും 7.40 നും ഇടയില്‍ ആയിരുന്നു ബോട്ട് അപകടം സംഭവിച്ചത്. ഒട്ടുംപുറം തൂവല്‍തീരം ബീച്ചിന് സമീപം വച്ചായിരുന്നു ബോട്ട് മുങ്ങിയത്. അവധിദിവസം ആഘോഷമാക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ മുപ്പത്തിയഞ്ച് മുതല്‍ നാല്‍പത് വരെ ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല.
എന്നാല്‍, അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ ബോട്ടില്‍ കയറ്റിയതാണ് അപകട കാരണം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അമിത ഭാരം കാരണം ബോട്ട് ഒരുവശത്തേക്ക് ചെരിയുകയായിരുന്നു എന്നും പിന്നീട് പൂര്‍ണമായും മുങ്ങുകയായിരുന്നു എന്നും പറയപ്പെടുന്നു. ബോട്ട് തലകീഴായി മറിഞ്ഞതും, ബോട്ടിന്റെ വാതിലുകള്‍ അടച്ച നിലയില്‍ ആയിരുന്നതും ദുരന്തത്തിന്റെ ആഴം കൂട്ടിയതായി കരുതുന്നു.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം 22 പേരാണ് അപകടത്തില്‍ മരിച്ചത്. ഏഴ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ സമീപത്തെ ആശുപത്രികളില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആകെ പത്ത് പേരാണ് ചികിത്സയിലുള്ളത്. അപകടത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ തന്നെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...