കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കനത്ത മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ തിരച്ചിൽ നിർത്തിവച്ചിരുന്നു. നാട്ടുകാർക്കൊപ്പം ഫയർഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമാണ് തെരച്ചിൽ നടത്തുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടുപോയ ഏഴ് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിൽ നാല് പേരുടെ മൃതദേഹം കബറടക്കി. ഇനി ഏഴ് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. അബ്ദുറഹിമാന്‍റെ ഭാര്യ, ഹസന്‍റെ ഭാര്യ, മകൾ, മരുമകൾ, മൂന്ന് പേരക്കുട്ടികൾ എന്നിവരെ കണ്ടെത്താനുള്ള തെരച്ചിലാണ് ഇന്ന് നടക്കുക. പ്രധാനമായും നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 


ദുരിതബാധിതർക്കായി കട്ടിപ്പാറ വില്ലേജിൽ മൂന്ന് ക്യാമ്പുകൾ തുറന്നു. 248 പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ ഉള്ളത്. വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയുള്ളതിനാൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. കളക്ട്രേറ്റിലും താലൂക്കുകളിലും 24 മണിക്കൂര്‍ പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂം തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ 1077 എന്ന നമ്പറിൽ ജില്ലാ എമർജൻസി ഓപ്പറേഷൻ വിഭാഗത്തിനെ ബന്ധപ്പെടാമെന്ന് കളക്ടർ അറിയിച്ചു.  


കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുതെന്ന് മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്. വൈകിട്ട് വരെ ജാഗ്രത പാലിക്കണം. വയനാട് ഭാഗത്തേക്ക് പോകുന്ന ദീർഘദൂര ബസുകൾ കുറ്റ്യാടി വഴി സർവ്വീസ് നടത്തും. ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.