K Sudhakaran: അന്ന് സിപിഎം യുസിസിയെ പിന്തുണച്ചു; എം.വി രാഘവനെ ചൂണ്ടിക്കാട്ടി കെ.സുധാകരൻ
K Sudhakara criticizes CPM on UCC: ഏക വ്യക്തി നിയമത്തിനു വേണ്ടി നിലകൊണ്ട സിപിഎം രാഘവനെ പുറത്താക്കിയ സംഭവമാണ് കെ സുധാകരൻ ചൂണ്ടിക്കാട്ടിയത്.
തിരുവനന്തപുരം: ഏക വ്യക്തി നിയമം നടപ്പാക്കരുതെന്നു ശക്തമായ നിലപാടെടുത്ത മതേതര ന്യൂനപക്ഷ ജനാധിപത്യ പാർട്ടിയായ മുസ്ലീം ലീഗിനെയും ക്രിസ്ത്യൻ ന്യൂനപക്ഷ പാർട്ടിയായ കേരള കോൺഗ്രസിനെയും ഇടത് മുന്നണിയിൽ എടുക്കണമെന്ന ബദൽ രേഖ അവതരിപ്പിച്ച എം.വി രാഘവനെ സിപിഎം പുറത്താക്കിയത് തെറ്റായിപ്പോയെന്ന് ഇനിയെങ്കിലും സമ്മതിക്കുമോയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
അന്ന് ഏക വ്യക്തി നിയമത്തിനു വേണ്ടി നിലകൊണ്ട സിപിഎം അത് ഉൾക്കൊള്ളാതെ രാഘവനെ പുറത്താക്കി. സിഎംപി എന്ന രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടായതുപോലും സിപിഎമ്മിന്റെ ഏകവ്യക്തി നിയമത്തിനുവേണ്ടിയുള്ള അന്ധമായ നിലപാട് മൂലമാണ്. നാല് ദശാബ്ദത്തിനു ശേഷം ഏകവ്യക്തി നിയമത്തിനെതിരേ വീറോടെ വാദിക്കുന്ന സിപിഎമ്മിന് വിവേകം വൈകി ഉദിച്ചപ്പോൾ, പാർട്ടിയിൽ നിന്നു പുറത്താക്കുകയും നിയമസഭയിലിട്ടു വരെ ചവിട്ടിക്കൂട്ടുകയും ചെയ്ത നെറികേടുകൾക്കു പശ്ചാത്താപമായി രാഘവന്റെ കുഴിമാടത്തിൽ പോയി രണ്ടിറ്റ് കണ്ണീർ വീഴ്ത്തണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
ALSO READ: സംസ്ഥാനത്ത് പനി കേസുകൾ പതിമൂവായിരം കടന്നു; തിങ്കളാഴ്ച പനിബാധിച്ച് മരിച്ചത് നാല് പേർ
എം.വി രാഘവന് സംരക്ഷണവും രാഷ്ട്രീയ അഭയവും നൽകിയത് യുഡിഎഫാണ്. വേട്ടപ്പട്ടികളെപ്പോലെ രാഘവനെ സിപിഎം ആക്രമിച്ചപ്പോൾ, നിയമസഭയ്ക്ക് അകത്തും പുറത്തും യുഡിഎഫ് കൂടെ നിന്നു. കണ്ണൂരിൽ രാഷ്ട്രീയ സംഘർഷം അതിരൂക്ഷമാകുകയും തനിക്കെതിരെ വധശ്രമങ്ങൾ വരെ ഉണ്ടാകുകയും ചെയ്‌തെന്ന് സുധാകരൻ പറഞ്ഞു.
87ലെ തെരഞ്ഞെടുപ്പിൽ ഏകവ്യക്തി നിയമത്തെ അനുകൂലിച്ച് ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷ വർഗീയത ഇളക്കിവിട്ടാണ് സിപിഎം അധികാരത്തിലേറിയത്. അതോടൊപ്പം ഭൂരിപക്ഷ ഏകീകരണത്തിനായി ഹിന്ദു മുന്നണിയെ സിപിഎം ശക്തിപ്പെടുത്തുകയും ചെയ്തു. 87 ലെ വിജയത്തെ ലീഗിനെയും കേരള കോൺഗ്രസിനെയും മൂലക്കിരുത്തിയ രാഷ്ട്രീയ വിജയമായി രാജ്യമെമ്പാടും ആഘോഷിച്ച സിപിഎമ്മാണ് ഇപ്പോൾ ഈ പ്രസ്ഥാനങ്ങളുടെ പിന്നാലെ നടക്കുന്നത്.
ഏക വ്യക്തി നിയമത്തിനു വേണ്ടി നിലകൊണ്ട സിപിഎമ്മിന്റെ താത്വികാചാര്യൻ ഇഎംഎസ്, മുൻ മുഖ്യമന്ത്രി ഇകെ നായനാർ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി സുശീലാ ഗോപാലൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് പി സതിദേവി തുടങ്ങിയ പ്രമുഖരെ തള്ളിപ്പറയേണ്ട ഗതികേടിലാണിപ്പോൾ സിപിഎം. 1985 ഫെബ്രുവരിയിൽ നടന്ന ഡിവൈഎഫ്‌ഐ രണ്ടാം അഖിലേന്ത്യാ സമ്മേളനത്തിൽ ശരിയത്ത് മാറ്റിയെഴുതണം എന്നു വരെ ഇഎംഎസ് പ്രസംഗിച്ചു. ഇതെല്ലാം ഇപ്പോൾ തള്ളിപ്പറയുന്ന സിപിഎമ്മിന്റ അവസ്ഥ പരിതാപകരമാണെന്നു സുധാകരൻ പറഞ്ഞു.
87 ലെ തെരഞ്ഞെുടപ്പിൽ നടപ്പാക്കിയ ന്യൂനപക്ഷ ഏകീകരണത്തിന്റെ മറ്റൊരു പതിപ്പിനാണ് സിപിഎം ഇപ്പോൾ ശ്രമിക്കുന്നത്. സർക്കാർ വിരുദ്ധ വികാരം കേരളത്തിൽ ആഞ്ഞടിക്കുമ്പോൾ വർഗീയ കാർഡ് ഉയർത്തി അതിനെ മറികടക്കാമെന്നും യുഡിഎഫിൽ ആശയക്കുഴപ്പം ഉണ്ടാക്കാമെന്നും അവർ കണക്കുകൂട്ടുന്നു. ഇതിലെ രാഷ്ട്രീയം വ്യക്തമായി മനസിലാക്കിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സിപിഎം സെമിനാറിൽ നിന്ന് വിട്ടു നിന്നത്. മാരീചനെ പോലെ സിപിഎം ശ്രമം തുടരുമെങ്കിലും അതു കേരളത്തിൽ വിലപ്പോകില്ലെന്നു സുധാകരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...