Alappuzha: ചികിത്സയിലിരിക്കുന്ന രോഗി മരിച്ചതായി ബന്ധുക്കളെ അറിയിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു
ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു
ആലപ്പുഴ: മെഡിക്കൽ കോളേജ് (Medical College) ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കോവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കളെ അറിയിച്ച മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷൻ (Human Rights Commission) നോട്ടീസ് അയച്ചു.
ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു. ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിക്കാനിടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകിയതിനെ കുറിച്ചും വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് അദ്ദേഹം ചികിത്സയിൽ ആണെന്ന് മനസിലാക്കിയത്. ആശുപത്രി അധികൃതരുടെ വീഴ്ചയ്ക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...