കൊല്ലം: പൊലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ആട് ആന്റണിയുടെ ശിക്ഷാവിധി കൊല്ലം ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ചത്തേക്കു മാറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആട് ആൻണിയെ കോടതിയിൽ ഹാജരാക്കേണ്ടെന്നു പൊലീസ് തീരുമാനിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ പ്രവേശനം തടഞ്ഞാല്‍  സംഘര്‍ഷമുണ്ടാവുകയും അതിനെ മറയാക്കി കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി പൊലീസിനെ വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ശിക്ഷാവിധി നീട്ടിയത്.


മണിയന്‍പിള്ള വധക്കേസില്‍ ആട് ആന്റണി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് സുരക്ഷാ ഭീഷണി ഉയര്‍ത്തി അഭിഭാഷകരുടെ പ്രക്ഷോഭം.


ഹൈക്കോടതിക്ക് മുന്നിലും വഞ്ചിയൂര്‍ കോടതിയിലും അരങ്ങേറിയതിന് സമാനമായ സംഘര്‍ഷം ഇന്ന് കൊല്ലത്തും അരങ്ങേറാന്‍ ഇടയുണ്ടെന്നാണ് രഹസ്യ വിവരം ലഭിച്ചത്.


2012 ജൂണ്‍ 26 ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്റണിയെ ഗ്രേഡ് എസ്‌ഐ ജോയി പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു. വാനില്‍ കിടന്ന കമ്പിപ്പാര എടുത്ത് ആന്റണി എസ്‌ഐ ജോയിയേയും പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെയും കുത്തി. മണിയന്‍പിള്ള കുത്തേറ്റ് തല്‍ക്ഷണം മരിച്ചു. എസ്‌ഐ ജോയി പരുക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.


കൊലപാതകം നടത്തി മുങ്ങിയ ആട് ആന്റണി കഴിഞ്ഞ ഒക്ടോബര്‍ 13ന് പാലക്കാട് വച്ചാണ് പൊലീസിന്‍റെ വലയിലായത്.  കഴിഞ്ഞ 15ന് വിധിപറയാനിരുന്ന കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിൽ പ്രോസിക്യൂഷൻ നിരത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടതായി കോടതി പറഞ്ഞു.