കോട്ടയം: യു.ഡി.എഫ് സംഘടിപ്പിച്ച രാപകല്‍ സമരവേദിയില്‍ പി.ജെ ജോസഫ് എത്തിയതിനെ രാഷ്ട്രീയമായി കാണേണ്ടെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം മാണി. സ്വന്തം നിയോജക മണ്ഡലത്തില്‍ സഹോദര പാര്‍ട്ടി നടത്തിയ പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. മുന്നണി പ്രവേശനം സംബന്ധിച്ച് പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നയങ്ങൾക്കെതിരെ യു.ഡി.എഫ് നടത്തിയ രാപ്പകല്‍ സമരമാണ് ഈ പ്രസ്താവനയ്ക്ക് ആധാരം. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ ഒരുക്കിയ രാപ്പകല്‍ വേദിയിലാണ് പി.ജെ ജോസഫ് എത്തിയത്. സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് പതിനഞ്ചുമിനിറ്റോളം പ്രസംഗിച്ച അദ്ദേഹം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കനത്ത വിമർശനങ്ങള്‍ ഉന്നയിച്ചു.
 
അവിചാരിതമായി വേദിയിലെത്തിയ അദ്ദേഹത്തെ ഡിസിസി അധ്യക്ഷന്‍ ഉൾപ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കുകയും ചെയ്തിരുന്നു. മുന്നണി വിട്ട ശേഷം ആദ്യമായായിരുന്നു അദ്ദേഹം ഒരു യുഡിഎഫ് പരിപാടിയില്‍ പങ്കെടുക്കുന്നത്. 


എന്നാല്‍ മാണി ഇക്കാര്യത്തെപ്പറ്റി മുന്‍പൊന്നും പ്രതികരിച്ചിരുന്നില്ല. അതേസമയം ജോസ് കെ. മാണി ഇക്കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പാർട്ടിയുടെ ചരൽകുന്ന് ക്യാമ്പിലെ തീരുമാനത്തിന് ഒരു മാറ്റവുമില്ല എന്നും അഭിപ്രായപ്പെട്ടിരുന്നു.