ന്യൂനപക്ഷ മതവിഭാ​ഗമായ മുസ്ലീം ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ചിന്തയാണ്  അഖിലേന്ത്യാ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി പിറവി കൊള്ളുന്നതിന് കാരണമാകുന്നത്. 1906-ൽ ധാക്കയിലെ ഇസ്രത്ത് മാൻസിൽ പാലസിൽ നടന്ന അഖിലേന്ത്യാ മുസ്ലീം വിദ്യാഭ്യാസ സമ്മേളനത്തിന്റെ വാർഷിക യോഗത്തിൽ വച്ച് നവാബ് ആയിരുന്ന ഖ്വാജ സലിമുള്ളയാണ് ഈ ആശയം മുന്നോട്ട് വെക്കുന്നത്. ലാഹോറിലെ പ്രമുഖ മുസ്ലീം നേതാവായിരുന്ന സർ മിയാൻ മുഹമ്മദ് ഷാഫി ആ രാഷ്ട്രീയ പാർട്ടിക്ക് 'ആൾ-ഇന്ത്യ മുസ്ലിം ലീഗ്' എന്ന് പേരിടണമെന്ന് നിർദ്ദേശവും വച്ചു. അതോടെ 1906 ഡിസംബർ 30ന് അഖിലേന്ത്യാ മുസ്ലിം ലീഗ് സ്ഥാപിക്കപ്പെട്ടു. മുഹമ്മദലി ജിന്നയായിരുന്നു ആദ്യ പ്രസിഡന്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

1937 കാലഘട്ടം വരെ മുഖ്യാധാരയിലുള്ള നേതാക്കളിൽ മാത്രമായി ഒതുങ്ങി നിന്ന സംഘടന പ്രവർത്തനം അതിന് ശേഷം ജനങ്ങളിലേക്ക് കൂടുതലായി പടർന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയിലെ ജനങ്ങളുടെ താൽപര്യങ്ങൾ മാനിക്കാതെ രാജ്യത്തെ ഏകപക്ഷീയമായി ഉൾപ്പെടുത്തിയ യുണൈറ്റഡ് കിംഗ്ഡത്തിന്റെ നീക്കത്തെ കോൺഗ്രസ് പാർട്ടി എതിർത്തപ്പോൾ, മുസ്ലീം ലീഗ് ബ്രിട്ടീഷ് യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കുകയായിരുന്നു. മതപരമായ രീതിയിൽ ഇന്ത്യയെ വിഭജിക്കുന്നതിനും 1947-ൽ പാകിസ്ഥാനെ ഒരു മുസ്ലീം രാഷ്ട്രമായി രൂപീകരിക്കുന്നതിനും പിന്നിലെ പ്രേരകശക്തിയായി മുസ്ലീം ലീ​ഗ് പിന്നീട് മാറി. എന്നാൽ ഇന്ത്യാ വിഭജനത്തിനും പാകിസ്ഥാൻ സ്ഥാപിതമായതിനും ശേഷം അഖിലേന്ത്യാ മുസ്ലിം ലീഗ്  1947 ഡിസംബര്‍ 15ന് കറാച്ചിയില്‍ നടന്ന യോഗത്തിൽ പാർട്ടിയെ ഇന്ത്യയിൽ ഔദ്യോഗികമായി പിരിച്ചു വിട്ടു.


ALSO READ: മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയെന്ന് രാഹുല്‍ ​ഗാന്ധി യുഎസിൽ; വിമര്‍ശനവുമായി ബിജെപി


ഇതിനെതുടർന്ന് സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന ചിന്ത ഉയര്ന്നു വന്നു. അതിന്ർറെ ചുമതല മുഹമ്മദ് ഇസ്മയില്‍ സാഹിബിനായിരുന്നു.1948 മാര്‍ച്ച് പത്തിന് ചെന്നൈയിലെ രാജാജി ഹാളില്‍ മുഹമ്മദ് ഇസ്മ യില്‍ സാഹിബ് യോഗം വിളിച്ച് ചേര്‍ത്തു. അങ്ങനെയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പിറവി കൊള്ളുന്നത്. മുഹമ്മദ് ഇസ്മയില്‍ ആയിരുന്നു ആദ്യ പ്രസിഡന്റ്. മെഹബൂബ് അലി ബേഗ് ജനറല്‍ സെക്രട്ടറിയായി. ജന്മസ്ഥലം മദ്രാസ് ആണെങ്കിലും ഇന്ത്യയൊട്ടാകെ പടർന്നു പന്തലിക്കാൻ പരിശ്രമിച്ച മുസ്ലിം ലീഗിന് വേരുറപ്പിക്കാൻ ആയത് മലബാറിലാണ്. ആദ്യകാലങ്ങളിൽ പ്രധാന പ്രവർത്തന കേന്ദ്രങ്ങൾ തലശ്ശേരിയും കൊയിലാണ്ടിയും ആയിരുന്നെങ്കിലും കാലക്രമേണ അത് മലപ്പുറത്ത് എത്തി. അതിനൊപ്പം പാർട്ടിയുടെ കടിഞ്ഞാൺ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടുകാരുടെ കൈകളിലെത്തി. പാർട്ടിയുടെ അന്തിമവാക്കും ഉന്നത സ്ഥാനങ്ങളും പാണക്കാടെന്ന കുടുംബത്തിലേക്കും ചുരുങ്ങി.   


1952 ലെ ആദ്യ പാര്‍ലമെന്റ് മുതല്‍ മുസ്ലിം ലീഗിന്റെ ശക്തമായ പ്രാതിനിധ്യം കേരള നിയമസഭയിൽ ഉണ്ട്.  ആദ്യ അംഗം മലപ്പുറം മണ്ഡലത്തില്‍ നിന്നും വിജയിച്ച ബി.പോക്കറായിരുന്നു. രണ്ടാമത്തെ തെരഞ്ഞെടുപ്പിലും ബി.പോക്കര്‍ മഞ്ചേരിയില്‍ നിന്ന് വീണ്ടും നിയമസഭയിൽ എത്തി. മൂന്നാമത്തെ തെരഞ്ഞെടുപ്പിലും മുസ്ലിംലീഗിന്റെ രണ്ടംഗങ്ങള്‍ സഭയിൽ ഉണ്ടായി. കോഴിക്കോട് നിന്നും സി.എച്ച് മുഹമ്മദ് കോയയും മഞ്ചേരിയില്‍ നിന്ന് മുഹമ്മദ് ഇസ്മയിലും.നാലാം ലോകസഭയിൽ രാമനാഥപുരത്ത് നിന്നുള്ള എസ്.എം മുഹമ്മദ് ശരീഥ് ആയിരുന്നു കേരളത്തിന് പുറത്ത് നിന്നുള്ള ആദ്യപ്രതിനിധി. മഞ്ചേരിക്കും കോഴിക്കോടിനുമൊപ്പം തമിഴ്‌നാട്ടിലെ പെരിയാകുളം, പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് എന്നിവിടങ്ങളിലും  അഞ്ചാമത്തെ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് വിജയിക്കാനായി. നിലവിലെ ലോക്‌സഭയില്‍ മൂന്നംഗങ്ങള്‍ മുസ്ലിംലീഗിനെ പ്രതിനിധീകരിക്കുന്നു. 


മലബാറില്‍ നിന്നുള്ളവരായിരുന്നു അഖിലേന്ത്യ മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മലയാളികളില്‍ ഭൂരിഭാ​ഗവും. കേരളത്തില്‍ ലീഗ് രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിലെ മുൻ നിരയിൽ നിന്ന് ശക്തമായി പ്രവർത്തിച്ച നേതാക്കൾ ആണ് കൊടുങ്ങല്ലൂര്‍ക്കാരനായ കെ.എം സീതി സാഹിബും കൊയിലാണ്ടിക്കാരനായ മുഹമ്മദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളും. 1952ലെ പൊതുതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ നയിച്ചത് ബാഫഖി തങ്ങളായിരുന്നു. അഞ്ച് അംഗങ്ങള്‍ മദ്രാസ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കും ഭൂരിപക്ഷം കിട്ടാതിരുന്നതോടെ മുസ്ലീംലീഗ് കോണ്‍ഗ്രസ് മന്ത്രിസഭയെ പിന്തുണച്ചു. 


1956 നവംബർ 1ന് കേരളം രൂപീകൃതമാകുമ്പോൾ  മുഹമ്മദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ പ്രസിഡന്റും കെ.എം സീതി സാഹിബ് ജനറല്‍ സെക്രട്ടറിയുമായി സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. മലബാറില്‍ നിന്ന് തെക്കന്‍ ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ബാഫഖി തങ്ങളാണ് 1957ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനും മുന്നില്‍ നിന്നത്. എട്ട് പേര്‍ വിജയിച്ചു. ഇ.എം.എസ് സര്‍ക്കാരിനെതിരെ നടന്ന വിമോചന സമരത്തിലും മുസ്ലിം ലീഗ് മുന്നില്‍ നിന്നു. എന്നാൽ ഇതിനിടയിൽ ലീ​ഗിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ വന്ന് തുടങ്ങി. ചരിത്രത്തിലെ ഏറ്റവും വലിയ പിളര്‍പ്പ് ലീ​ഗിൽ ഉണ്ടായത് 1947 ലായിരുന്നു.  പാര്‍ട്ടിയില്‍ സി.എച്ച് മുഹമ്മദ് കോയയ്ക്ക് അമിത പ്രാധാന്യം ലഭിക്കുന്നുവെന്നത് പാർട്ടിയിലെ ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചു.


ഒരു ഭാഗത്ത് പൂക്കോയ തങ്ങളും സി.എച്ച് മുഹമ്മദ് കോയയും. മറുഭാഗത്ത് എം.കെ ഹാജി, സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍, ബാവാ ഹാജി, ഇ.ടി മുഹമ്മദ് ബഷീര്‍, ചെറിയ മമ്മുക്കോയി, പി.എം അബൂബക്കര്‍ എന്നിവരും. മുഹമ്മദ് ഇസ്മയില്‍ മരിച്ചപ്പോള്‍ മഞ്ചേരി ലോക്‌സഭ മണ്ഡലത്തില്‍ നിന്നും സി.എച്ച് മുഹമ്മദ് കോയയെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം ഒരു വിഭാഗം മുന്നോട്ട് വെച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയെ ദേശീയ രാഷ്ട്രീയത്തിലേക്ക് അയച്ച് ഒതുക്കാനാണ് നീക്കുകയാണെന്ന സംശയം ഉയർന്നു വന്നു. സി.എച്ച് ഒഴിഞ്ഞ പദവിയിലേക്ക് ആരെന്ന് തീരുമാനിക്കാന്‍ അബ്ദുറഹിമാന്‍ ബാഫഖി തങ്ങളെ ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുക്കാതെ  ഹജ്ജിന് പോയ ബാഫഖി തങ്ങള്‍ 1973 ജനുവരി 19ന് മക്കയില്‍ വെച്ച് അന്തരിച്ചു.


ഇതോടെ ബാഫഖി തങ്ങളുടെ കൊയിലാണ്ടിയില്‍ നിന്നും സംസ്ഥാന പ്രസിഡന്റ് സ്ഥാനം സി.എച്ച് മുഹമ്മദ് കോയ പാണക്കാട്ടേക്കെത്തിച്ചു. ബാഫഖി തങ്ങളുടെ കുടുംബത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ളവര്‍ ഉണ്ടായിരുന്നില്ലെന്നതാണ് പാണക്കാട് കുടുംബത്തിലേക്ക് പ്രസിഡന്റ് സ്ഥാനം എത്തിയതെന്നായിരുന്നു ഇതിനായി നിരത്തിയ വാദം. പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍(പി.എം.എസ്.എ പൂക്കോയ തങ്ങള്‍) ആ കുടുംബത്തില്‍ നിന്നുള്ള ആദ്യ പ്രസിഡന്റായി എത്തി.മുസ്ലിം ലീഗിന്റെ ഏറനാട് താലൂക്ക് പ്രസിഡന്റായിട്ടായിരുന്നു പൂക്കോയ തങ്ങളുടെ തുടക്കം.  കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മലപ്പുറം രൂപീകരിച്ചതിന് ശേഷം പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റായി. ബാഫഖി തങ്ങളുടെ മരണത്തെത്തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റായി. 


ALSO READ: പ്രതിപക്ഷത്തെ ഒരു കുടക്കീഴിലാക്കാന്‍ കച്ചകെട്ടി നിതീഷ് കുമാര്‍, നിര്‍ണ്ണായക യോഗത്തില്‍ കോൺഗ്രസ് പങ്കെടുക്കും


മന്ത്രി സ്ഥാനം തീരുമാനിക്കാനുള്ള അധികാരം പൂക്കോയ തങ്ങളിലെത്തി. ചാക്കീരി അഹമ്മദ്കുട്ടിയെ മന്ത്രി സ്ഥാനത്തേക്കും അബ്ദുള്ളക്കുട്ടി കുരുക്കളെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനും പൂക്കോയ തങ്ങൾ നിര്‍ദേശിച്ചു. ഇത് പാർട്ടിയിലെ ഭിന്നിപ്പ് രൂക്ഷമാക്കി. മുസ്ലിം ലീഗ് പിളര്‍ന്നു.  രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം പൂക്കോയ തങ്ങള്‍ ആത്മീയ നേതാവായിരുന്നു. സുന്നികള്‍ക്കിടയില്‍ സ്വാധീനമുള്ള കുടുംബമാണ്  പാണക്കാട് തറവാട്. പ്രവാചക കുടുംബത്തിന്റെ പരമ്പരയ്ക്ക് സുന്നികള്‍ക്കിടയില്‍ ലഭിക്കുന്ന പ്രാധാന്യം മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് വളമായി മാറി. 


1975 ജൂലൈ 6ന് പൂക്കോയ തങ്ങള്‍ മരിച്ചത്. പിന്നീട് പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മൂത്ത മകനായ മുഹമ്മദലി ശിഹാബ് തങ്ങള്‍ എത്തി.  1975 സെപ്റ്റംബര്‍ 1 ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന് 39 വയസ്സായിരുന്നു. ലീഗിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് പാണക്കാട് കുടുംബത്തില്‍ നിന്നു തന്നെയുള്ള വ്യക്തി  എത്തിയാല്‍ മാത്രമേ നേതൃത്വത്തിന് മുകളിലുള്ള ആധിപത്യം ശക്തമായി നിലനിർത്താനാകൂ എന്ന കണക്കുകൂട്ടലിലായിരുന്നു സി.എച്ച് മുഹമ്മദ് കോയ. അദ്ദേഹം തന്നെ യോഗത്തില്‍ വീണ്ടും പാണക്കാട് കുടുംബാംഗത്തിനെ നാമനിര്‍ദ്ദേശം ചെയ്ത്   പ്രസിഡന്റാക്കി. 34 വര്‍ഷം മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു ആ സ്ഥാനത്ത്. ആത്മീയ നേതാവും എഴുത്തുകാരനും കൂടിയായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങള്‍.


മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണപ്പെടുന്നത് 2009 ഓഗസ്ത് ഒന്നിനായിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗത്തെ തുടർന്ന് സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായി. 18 വര്‍ഷം മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. സമസ്തയുടെ വൈസ് പ്രസിഡന്റായിരുന്നു. ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സമസ്തയില്‍ പ്രധാന്യം ലഭിച്ചത് മതപണ്ഡിതന്‍ എന്ന നിലയിലായിരുന്നു. ഫൈസി ബിരുദം നേടിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാസിയായിരുന്നു. നിലവിൽ സാദിഖലി ശിഹാബ് തങ്ങളാണ് പ്രസി‍ഡന്റ്. ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ  സഹോദരനും മലപ്പുറം ജില്ലാ പ്രസിഡന്റുമായ സാദിഖലി ശിഹാബ് തങ്ങളെ അധ്യക്ഷനാക്കുകയായിരുന്നു.  പാണക്കാട് കൊടപ്പനക്കല്‍ കുടുംബ യോഗം ഉന്നതതല യോഗത്തിന് മുമ്പായി ചേര്‍ന്ന് സാദിഖലി ശിഹാബ് തങ്ങളെ പുതിയ പ്രസിഡന്റാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗവും ഉമര്‍ അലി തങ്ങളുടെ മകനുമായ റഷീദലി ശിഹാബ് തങ്ങള്‍ സാദിഖലി തങ്ങളെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. ദേശീയ പ്രസിഡന്റ് കെ.എം ഖാദര്‍ മൊയ്തീന്‍ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചു.ഇത്തരമൊരു രീതി പാർട്ടിയിൽ ഇല്ല എന്നത് വിമർശനങ്ങൾ ഉണ്ടാക്കി. 


മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‌റ് സ്ഥാനങ്ങൾ മാത്രമല്ല മലപ്പുറം ജില്ലാ അധ്യക്ഷ പദവി, മണ്ഡലം പ്രസിഡന്റ്, മുനിസിപ്പല്‍ പ്രസിഡന്റ് പദവി എന്നിവയും ഇപ്പോള്‍ പാണക്കാട് തങ്ങള്‍മാര്‍ കൈയ്യലൊതുക്കി വെച്ചിരിക്കുകയാണ്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും പാണക്കാട് കുടുംബത്തിന്റെ കൈകളിലേക്ക് ചുരുങ്ങുന്നുവെന്ന ആശങ്ക പാര്‍ട്ടിയിൽ നിലനിൽക്കുന്നു. ആ പദവിയിലും ഇപ്പോളുള്ളത് മുനവറലി ശിഹാബ് തങ്ങളാണ്. അദ്ദേഹം സ്ഥാനം ഒഴിയുമ്പോള്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ ആ പദവിയിലെത്താനാണ് കൂടുതൽ സാധ്യത. ഹൈദരി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ് തങ്ങളുടെ പേരും ഉയര്‍ന്നേക്കും. നേരത്തെ പി.കെ.കെ ബാവ, എം.കെ മുനീര്‍, കെ.എം.ഷാജി, പി.എം സാദിഖലി എന്നിവര്‍ യൂത്ത് ലീഗ് പ്രസിഡന്റുമാരായിട്ടുണ്ട്. 2000 മുതല്‍ 2007 വരെ സാദിഖലി ശിഹാബ് തങ്ങളും പ്രസിഡന്റായിരുന്നു. മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആള്‍ അടുത്ത സംസ്ഥാന പ്രസിഡന്റാകുമെന്ന കീഴ് വഴക്കമാണ് ലീഗിലുള്ളത്. അത് കൊണ്ട് ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് ആരെത്തുമെന്നത് നിര്‍ണായകമാണ്. നിലവിലെ കേരള നിയമസഭയിൽ ലീ​ഗന്റെ 15 എംഎൽഎ മാർ ആണ് ഉള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.