വാഷിങ്ടണ്‍: മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാഷിങ്ടണ്‍ ഡിസിയില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന. കേരളത്തില്‍ മുസ്ലിം ലീഗുമായുള്ള സഖ്യം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഹിന്ദു പാര്‍ട്ടിയായ ബിജെപിയെ എതിര്‍ത്തുകൊണ്ട് മതേതരത്വത്തെക്കുറിച്ച് താങ്കള്‍ സംസാരിച്ചു, താങ്കള്‍ എംപിയായിരുന്ന കേരളത്തില്‍, കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയായ മുസ്ലിം ലീഗുമായി സഖ്യത്തിലാണല്ലോ', എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു രാഹുൽ മറുപടി പറഞ്ഞത്. 'മുസ്ലിം ലീഗ് പൂര്‍ണമായും മതേതരപാര്‍ട്ടിയാണ്. മുസ്ലിം ലീഗിനെ സംബന്ധിച്ച് മതേതരമല്ലാത്ത ഒന്നുമില്ല. ചോദ്യകര്‍ത്താവ് മുസ്ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നത്' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
അതേസമയം, രാഹുൽ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. വയനാട്ടില്‍ സ്വീകാര്യനായി തുടരേണ്ടത് രാഹുലിന്റെ ആവശ്യമാണെന്നും ഇതിനായാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചു. മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിച്ച ജിന്നയുടെ മുസ്ലിം ലീഗ് രാഹുല്‍ ഗാന്ധിക്ക് മതേതര പാര്‍ട്ടിയാണെന്നും അമിത് മാളവ്യ വിമർശിച്ചു.
ബിജെപിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമങ്ങളുടെ ചുമതലയുള്ള സുപ്രിയ ശ്രീനേത് രംഗത്തെത്തി. 'വ്യാജ വാര്‍ത്തകളുടെ കച്ചവടക്കാരായ നിങ്ങള്‍ അതിയായി കഷ്ടപ്പെടുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ യുഎസ് യാത്ര പിന്തുടര്‍ന്ന് കുറച്ചുകൂടി ഉറക്കം നഷ്ടപ്പെടുന്ന ദിവസങ്ങള്‍ക്കായി തയ്യാറെടുത്തു കൊള്ളൂ. നിങ്ങളുടേത് ഒരു സങ്കടകരമായ ജീവിതം തന്നെയാണ്' സുപ്രിയ ശ്രീനേത് ട്വീറ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...