തൊടുപുഴ :  സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിന്ന മരങ്ങൾ ഉടമയ്ക്ക് നോട്ടീസ് നൽകാതെയും കോടതി  തീർപ്പ് വരെ കാത്തു നിൽക്കാതെയും മുറിച്ചതിന് പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ വിധിച്ച് മനുഷ്യാവകാശ കമ്മീഷൻ. തൊടുപുഴ കരിമണ്ണൂർ പഞ്ചായത്ത് മുൻ സെക്രട്ടറിക്കെതിരെ നെയ്യാശേരി സ്വദേശിനി ആഗ്നസ് ഫ്രാൻസിസ് നൽകിയ പരാതിന്മേലാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അന്വേഷണം  പൂർത്തിയാക്കിയ  ശേഷം കരിമണ്ണൂർ മുൻ പഞ്ചായത്ത് സെക്രട്ടറി സാജു ജോസഫിൽ നിന്നും തുക ഈടാക്കാവുന്നതാണെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു. 


നിയമ വിരുദ്ധമായി മരങ്ങൾ മുറിച്ച മുൻ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ ഇല്ലെങ്കിൽ നിയമപ്രകാരം അധികാരമുള്ള ഉദ്യോഗസ്ഥരോ വകുപ്പുതല അന്വേഷണം നടത്തി നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. വസ്തു ഉടമയും പരാതിക്കാരിയുമായ കരിമണ്ണൂർ നെയ്യാശേരി സ്വദേശിനി ആഗ്നസ് ഫ്രാൻസിസിന് കൂടുതൽ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഉത്തരവാദപ്പെട്ടവരിൽ നിന്നും കോടതി മുഖാന്തിരം ഈടാക്കാമെന്നും ഉത്തരവിൽ പറഞ്ഞു. 


വിഷയത്തിൽ അന്നത്തെ ഇടുക്കി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഇടപെടൽ അനധികൃതമായിരുന്നോ എന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.  അനധികൃത ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ ഈ ഉദ്യോഗസ്ഥനെതിരെയും വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ തദ്ദേശ സ്വയംഭരണ വകുപ്പ്  പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മെയ് 31 നകം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമ്മീഷനെ രേഖാമൂലം അറിയിക്കണം.  കേസ് ജൂൺ 6 ന് പരിഗണിക്കും.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.