Thrikkakara By Election Results 2022 : തൃക്കാക്കര ഫലം; സർക്കാരിൻ്റെ ഭരണത്തിനും അഹങ്കാരത്തിനും ജനങ്ങൾ നൽകിയ താക്കീത് ; ആരോപണമുയർത്തി കെ.സി.വേണുഗോപാൽ
വികസനത്തിന്റെ പേരിൽ സർക്കാർ നടത്തുന്ന തട്ടിപ്പുകളെ ജനം തിരസ്ക്കരിച്ചുവെന്നതിന് തെളിവാണ് തിരഞ്ഞെടുപ്പു ഫലമെന്നും വേണുഗോപാൽ പറഞ്ഞു.
തിരുവനന്തപുരം: ഇടതു സർക്കാരിന്റെ ദുർഭരണത്തിനും അഹങ്കാരത്തിനും ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ് തൃക്കാക്കരയിൽ കണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സംസ്ഥാനത്ത് ഇന്നു വരെ കാണാത്ത രീതിയിൽ ഭരണ സംവിധാനം മുഴുവൻ ദുരുപയോഗം ചെയ്തിരിക്കുകയാണ്. പ്രചരണം നയിച്ച മുഖ്യമന്ത്രി പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. വികസനത്തിന്റെ പേരിൽ സർക്കാർ നടത്തുന്ന തട്ടിപ്പുകളെ ജനം തിരസ്ക്കരിച്ചുവെന്നതിന് തെളിവാണ് തിരഞ്ഞെടുപ്പു ഫലമെന്നും വേണുഗോപാൽ പറഞ്ഞു.
നാലു വോട്ടിനു വേണ്ടി ജാതി മത വർഗീയ ചേരിതിരിവ് സൃഷ്ടിച്ച സിപിഎമ്മിനും ഇടതുമുന്നണിക്കും ജനങ്ങൾ നൽകിയ മുന്നറിയിപ്പാണ് ഉമാ തോമസിന്റെ വിജയം. വർഗീയ ശക്തികളുമായി അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കി നഗ്നമായ വർഗ്ഗീയത ഉപയോഗിച്ച ഒരു തെരഞ്ഞെടുപ്പ് കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല - കെ.സി.വേണുഗോപാൽ പറഞ്ഞു.
ALSO READ: Thrikkakara Results Trolls: 'ട്രോളി' കൊന്നില്ലന്നേയുള്ളു, തൃക്കാക്കരയിലെ ജയവും തോൽവിയും ട്രോളിൽ
കേവലം ഒരു ഉപതിരഞ്ഞെടുപ്പ് ജയിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ഭരണ സംവിധാനം മുഴുവൻ തൃക്കാക്കരയിൽ തമ്പടിച്ച് വാഗ്ദാനങ്ങളും പ്രലോഭനങ്ങളും വാരിക്കോരി നൽകിയിട്ടും ജനങ്ങൾ തരിമ്പു പോലും അവരെ വിശ്വസിച്ചില്ല. ജനദ്രോഹഭരണത്തിൽ മത്സരിക്കുന്ന കേരള -കേന്ദ്ര സർക്കാരുകളെ ജനം അപ്പാടെ തള്ളിക്കളഞ്ഞിരിക്കുന്നു. പി ടി തോമസ് മുറുകെ പിടിച്ച നിലപാടുകൾക്കും തുടങ്ങി വെച്ച വികസന മുന്നേറ്റങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണ് ഉമയുടെ വിജയം.
ഇടതു സർക്കാരിന്റെ വിലയിരുത്തലാണ് തൃക്കാക്കരയിൽ നടന്നത്. മുഖ്യമന്ത്രിക്കും ഇടതുസർക്കാരിനുമെതിരേ സംസ്ഥാനത്തു നിലനിൽക്കുന്ന ശക്തമായ ജനരോഷമാണ് കേരളത്തിന്റെ പരിഛേദമെന്നു പറയാവുന്ന തൃക്കാക്കരയിൽ പ്രതിഫലിച്ചത്. ജനങ്ങൾക്കു വേണ്ടാത്ത സിൽവർ ലൈൻ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ധാർഷ്ട്യത്തിനും ജനങ്ങൾ തിരിച്ചടി നൽകി.
അഹങ്കാരം മുറ്റിയ വാക്കുകളിലൂടെ ജനങ്ങളെ വെല്ലുവിളിച്ചവരുടെ കരണത്തേറ്റ അടിയാണിതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. ബി ജെ പി ക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന ജനങ്ങളുടെ പ്രഖ്യാപനം കൂടിയാണ് ഈ ഫലം. ഇതൊരു പുതിയ തുടക്കമാണ്. കോൺഗ്രസും യു ഡി എഫും കേരളത്തിൽ ശക്തമായി തിരിച്ചു വരുമെന്നതിന്റെ സൂചനയാണ് ഈ ഫലം. തൊട്ടടുത്ത ലോക്‌സഭാതിരഞ്ഞെടുപ്പിലും വരുന്ന നിയമസഭാതിരഞ്ഞെടുപ്പിലും യു ഡി എഫ് വൻ വിജയം നേടുമെന്നും വേണുഗോപാൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...