കൊച്ചി: നഗര ഹൃദയഭാഗവും കാക്കനാടും ചേർന്നുള്ള തൃക്കാക്കര നിയമസഭാ മണ്ഡലം സംസ്ഥാനത്തെ പ്രമുഖ നഗര കേന്ദ്രീകൃത മണ്ഡലമാണ് . 2011 ൽ നിലവിൽ വന്ന  മണ്ഡലം , യുഡിഎഫിന്റ കോട്ട എന്നറിയപ്പെടുന്നതിൽ അത്ഭുതമില്ല. പൊതുവെ യുഡിഎഫ് അനുകൂലമെന്ന് പറയാവുന്ന എറണാകുളം ജില്ലയിൽ ഇതുവരെ തോൽവിയറിയാത്ത മണ്ഡലം തൃക്കാക്കരയാണ് . 


COMMERCIAL BREAK
SCROLL TO CONTINUE READING

തൊട്ടടുത്ത് കിടക്കുന്ന കുന്നത്തുനാട്ടിലും കളമശേരിയിലും  പോലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയക്കൊടി നാട്ടിയപ്പോഴും തൃക്കാക്കര യുഡിഎഫിനൊപ്പം നിന്നു . അതും തൊട്ട് മുൻപത്തേതിനേക്കാൾ കൂടിയ ഭൂരിപക്ഷത്തിൽ .  


കൊച്ചി കോർപ്പറേഷനിലെ 22 വാർഡുകളും തൃക്കാക്കര മുൻസിപ്പാലിറ്റിയും ചേർന്നാണ് 2011 ൽ മണ്ഡലം രൂപീകൃതമായത് . കടവന്ത്ര,വൈറ്റില,പനമ്പള്ളി നഗർ ,പാലാരിവട്ടം ,ഇടപ്പള്ളി ,എളംകുളം ഇങ്ങനെ തികച്ചും നഗര കേന്ദ്രീകൃതമാണ് മണ്ഡലം . ഐടി ഹബായ ഇൻഫോപാർക്കും കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയും മണ്ഡലത്തിലാണ് . 


 ബെന്നി ബഹനാനും പിടിയും  


2011 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ തന്നെ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ കോൺഗ്രസിൽ മത്സരം ഉടലെടുത്തു . ഉറച്ച സീറ്റെന്ന പ്രതീക്ഷയും സ്ഥാനാർത്ഥി മോഹികളുടെ എണ്ണം കൂട്ടി. ഉമ്മൻചാണ്ടിയുടെ നോമിനി എന്ന നിലയിൽ മത്സരിച്ച ബെന്നി ബെഹനാന് സിപിഎംന്റെ ഹസൈനാർ എതിരാളിയേ ആയിരുന്നില്ല . 22,406 വോട്ടിന്റെ തിളക്കമാർന്ന വിജയം .  


തൃക്കാക്കര 2011 


ബെന്നി ബെഹനാൻ(യുഡിഎഫ്)  65,854 
എം .ഇ. ഹസൈനാർ (എൽഡിഎഫ്) 43,448 
എൻ. സജികുമാർ (ബിജെപി) 5,935 


2016-ൽ സിറ്റിംഗ് സീറ്റിൽ മത്സരിക്കുന്നതിന് സോളാർ വിവാദം ബെന്നിക്ക് തിരിച്ചടിയായി . സീറ്റ് ചർച്ചയിൽ തൃക്കാക്കരയും തൃപ്പൂണിത്തുറയും ബെന്നിക്കും കെ ബാബുവിനും കൊടുക്കരുതെന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ വാശി പിടിച്ചത് ഒടുവിൽ പി.ടിയുടെ വരവിന് കാരണമായി . 


ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടിനെ അനുകൂലിച്ചതിന്റെ പേരിൽ കത്തോലിക്കാ സഭയ്ക്ക്  അസ്വീകാര്യനായി മാറിയ പിടി ഇടുക്കിയിൽ നിന്ന് തൃക്കാക്കരയിൽ കാലുകുത്തി . 2011ലെ പ്പോലെ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും 11,996 വോട്ടിന്റെ വിജയം. നിഷ്പക്ഷ വോട്ടുകളും ലത്തീൻ വോട്ടുകളും സ്വാധീനിക്കാമെന്ന കണക്കുകൂട്ടലിൽ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ പോളിനെ  മത്സരിപ്പിച്ച എൽഡിഎഫിന് കണക്കുകൂട്ടൽ തെറ്റി. 


 തൃക്കാക്കര 2016 


പി.ടി.തോമസ് (യുഡിഎഫ്)  61,268 
സെബാസ്റ്റ്യൻ പോൾ (എൽഡിഎഫ്) 49,455 
എസ്.സജി (ബിജെപി)  21,247 


2021 ൽ പി.ടി.യെമാറ്റാൻ സീറ്റ് മോഹികൾ സമ്മർ‍ദ്ദം ചെലുത്തിയെങ്കിലും നടന്നില്ല. അതിനകം ഉയർന്നുവന്ന ട്വന്റി ട്വന്റി കൂടി മത്സരരംഗത്ത് വന്നതോടെ പ്രൊഫഷണലിനെ പരീക്ഷിക്കാൻ എൽഡിഎഫ് തീരുമാനിച്ചു . സ്പോർട്ട്സ് മെഡിസിൻ ഡോക്ടറായ ജെ.ജേക്കബിന് പക്ഷെ പി.ടി.ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഭൂരിപക്ഷം 2016ലേക്കാൾ ഉയർത്താൻ പി.ടി.ക്ക് കഴിഞ്ഞു. എങ്കിലും ട്വന്റി ട്വന്റി വിള്ളൽ വീഴ്ത്തിയത് യുഡിഎഫ് വോട്ടുകളിലായിരുന്നു . പതിമൂവായിരത്തിൽപരം വോട്ടുകൾ നേടിയ ട്വന്റി ട്വന്റിക്ക് മുന്നിൽ പതിനയ്യായിരം വോട്ടുകൾ നേടിയ ബിജെപി നാണക്കോട് ഒഴിവാക്കി .എങ്കിലും 2016ലേക്കാൾ 6000 വോട്ടുകൾ ബിജെപിക്ക് നഷ്ടമായി. 


തൃക്കാക്കര 2021 


പി.ടി.തോമസ് (യുഡിഎഫ് ) 58,707 
ഡോ.ജെ.ജേക്കബ്ബ്  (എൽഡിഎഫ്) 44,894 
എസ്.സജി (ബിജെപി ) 15,218 
ഡോ.ടെറി തോമസ് (ട്വന്റി ട്വന്റി ) 13,773 


 
ഉമയുടെ വരവും മറ്റൊരു ഡോക്ടറും  


പി.ടിയുടെ ആക്സമിക വിയോഗം ഉപതെരഞ്ഞെടുപ്പിലേക്ക് എത്തിച്ചപ്പോൾ ഭാര്യ ഉമ തോമസിന്റെ പേര് ഉയർന്നു വന്നിരുന്നു .എന്നാൽ ഉറച്ച മണ്ഡലത്തിൽ സ്വാഭാവികമായും സ്ഥാനാർത്ഥി മോഹികൾ കൂടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസുകാർ ചുറ്റുമുള്ള മണ്ഡലങ്ങളിൽ ഉള്ളതും പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് തോന്നിച്ചു. എന്നാൽ കോൺഗ്രസിൽ അത്ഭുതകരമായ മാറ്റമാണ് കണ്ടത് .


ഒന്നോ രണ്ടോ എതിർശബ്ദങ്ങൾ ഒഴിച്ചാൽ ഒന്നുമുണ്ടായില്ല.ഡൊമനിക് പ്രസന്റേഷന്റെ എതിർപ്പ് മാത്രം മുഴങ്ങിക്കേട്ടു. എന്നാൽ സതീശൻ-സുധാകരൻ കൂട്ടുകെട്ടിന്റെ വിജയമായി സ്ഥാനാർത്ഥി നിർണയം. ബെന്നിക്കും ബാബുവിനും സ്വാധീനമുള്ള മണ്ഡലത്തിൽ ഉമ്മൻചാണ്ടി അനുയായികളും പരസ്യമായി വിവാദമുണ്ടാക്കിയില്ല. ദുർബലനായ ചെന്നിത്തലക്ക് ശബ്ദമുണ്ടാക്കാനുള്ള പ്രാപ്തിയുമില്ല. 


പ്രാദേശിക തലത്തിൽ മുൻ മേയർ സൗമിനി ജയിനും , ദീപ്തി മേരി വർഗീസും സ്വന്തം വാർഡുകളിൽ ഉമയ്ക്ക് വോട്ടു കുറയാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയും വരും .ഇതോടെ കോൺഗ്രസിൽ അത്ര പരിചിതമല്ലാത്ത ഐക്യം തൃക്കാക്കരയിൽ പുറമേക്കെങ്കിലും കാണുന്നു.അടിസ്ഥാന വോട്ടുകളിൽ യുഡിഎഫിനേക്കാൾ പതിനായിരത്തിലേറെ വോട്ടുകൾ കുറവായ എൽഡിഎഫ് ,സ്ഥാനാർത്ഥി നിർണയത്തിൽ കാട്ടിയ പരീക്ഷണം വിജയിക്കുമോ എന്ന് സംശയമാണ്.


രാഷ്ട്രീയ പോരാട്ടമല്ല എന്ന് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫിന്റ സാന്നിധ്യം വ്യക്തമാക്കുന്നു . 2021 ലെ അതേ പരീക്ഷണം എന്തിന് ആവർത്തിക്കുന്നു എന്നാണ് അറിയാനുള്ളത് . മണ്ഡലത്തിന് പറ്റിയ പോരാട്ടം കെ എസ് അരുൺകുമാറിന് നടത്താൻ കഴിയുമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. 


വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നു വന്ന അരുൺ മണ്ഡലത്തിൽ സുപരിചിതനുമാണ് . എന്നിട്ടും അരുണിനെന്ന് ഉറപ്പിച്ച സ്ഥാനാർത്ഥിത്വം മാറ്റാൻ സിപിഎം തീരുമാനിച്ചു.  പ്രൊഫഷണലുകളെ മത്സരിപ്പിച്ച് വിജയിപ്പിക്കുന്നതിൽ സിപിഎം അടുത്തിടെ മികവ് കാട്ടാറുണ്ടെങ്കിലും യുഡിഎഫ് കോട്ടയിലെ പരീക്ഷണം കടന്നകൈയായിട്ടുണ്ട്. 


 ട്വൻറി  ട്വൻറി  ആംആദ്മി പിന്മാറ്റം  


കുന്നത്തുനാട്ടിലെ അത്രയും ശക്തമല്ലെങ്കിലും ട്വന്റി ട്വന്റിക്ക് തൃക്കാക്കരയിലും വേരോട്ടമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഇത് തെളിയിച്ചതാണ് .ആംആംദ്മിയുമായി ചേർന്ന് മത്സരിക്കും എന്ന് അഭ്യൂഹമുണ്ടായെങ്കിലും രണ്ട് പാർട്ടികളും പിന്മാറി . ഇപ്പോൾ ട്വന്റ് ട്വന്റിയുടെ വോട്ട് എങ്ങോട്ട് എന്ന ചോദ്യമാണ് പ്രസക്തമാകുന്നത് .ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ട്വന്റി ട്വന്റി എൽഡിഎഫിനെ അനുകൂലിക്കുമെന്ന് കരുതാനാകില്ല. അത്രക്ക് അകൽച്ച സർക്കാരുമായി സാബു ജേക്കബ്ബിന് ഉണ്ട്. എന്നാൽ പി ടി യുമായി നല്ല ബന്ധത്തിലുമായിരുന്നില്ല സാബു .  


കൂട്ടുകെട്ടിനില്ല എന്ന് പറഞ്ഞാലും ട്വന്റി ട്വന്റി വോട്ടുകൾ യുഡിഎഫ് പ്രതീക്ഷിക്കുന്നു. മാത്രമല്ല തങ്ങളുടെ പാളയത്തിൽ നിന്ന് നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചെത്തുന്നതോടെ 2019 ലോകസഭയിൽ ഹൈബിക്ക് കിട്ടിയ വോട്ടുകൾ വരെ നേടാൻ കഴിയുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ .അതായത് എഴുപതിനായിരത്തിൽ കൂടുതൽ . 


 ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസ്  


കോൺഗ്രസിൽ നിന്ന് കിട്ടാവുന്ന സ്ഥാനങ്ങൾ മുഴുവൻ കിട്ടിയിട്ടും നിരാശനായി മറുകണ്ടം ചാടാൻ നിൽക്കുന്ന കെ .വി.തോമസ് സഭയിൽ സ്വാധീനമുള്ളയാളാണെന്നതിൽ സംശയമില്ല.എന്നാൽ ഉമയെ തോൽപ്പിക്കാവുന്ന വിധത്തിൽ തോമസ് മാഷിന് സ്വാധീനം ഉറപ്പിക്കാൻ കഴിയുമെന്ന് സിപിഎം പോലും വിശ്വസിക്കുന്നില്ല . അത് മാത്രമല്ല കൊച്ചി,എറണാകുളം മണ്ഡലങ്ങൾ പോലെയല്ല കെ വി തോമസിന് തൃക്കാക്കര . 


പി.ടി.യോടുള്ള താൽപര്യം ഉമയോട് കാണിക്കാൻ തൃക്കാക്കരക്കാർ മടിക്കില്ലെന്ന് വ്യക്തമാണ് . അടിസ്ഥാന വോട്ടുകൾ ഇളകണമെങ്കിൽ പാർട്ടിക്കുള്ളിൽ നിന്ന് പാലം വലിക്കൽ ഉണ്ടാവണം .ഡൊമനിക്കും ,ബെന്നിയും ഒക്കെ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് മുതിരാൻ സാധ്യത കുറവാണ് . 


അതേസമയം സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎം കാണിച്ച നാടകീയത എന്തിനായിരുന്നു എന്ന ചോദ്യം ഉയരുന്നു .കത്തോലിക്കാ  സഭയെ സ്വീധീനിക്കാനുള്ള ബന്ധപ്പാടിലായിരുന്നു എന്ന വിമർശനം ഉയരുകയും ചെയ്തു .മാത്രമല്ല സീറോ മലബാർ സഭയിൽ പോലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച രീതിയെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ടായി.  


കത്തോലിക്കാ സഭക്കെതിരെ   എന്തെങ്കിലും പറഞ്ഞ് ഉറച്ച വോട്ടുകൾ ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ല.അതിനാൽ വിവാദം അങ്ങിനെതന്നെ കെട്ടടങ്ങി. കെ എസ് അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത് സിപിഎം അല്ല മാധ്യമങ്ങളാണെന്ന വിശദീകരണം നൽകിയാണ് പാർട്ടി തടിയൂരിയത് .മാധ്യമങ്ങളുടെ ചെലവിൽ ഡോക്ടർ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്താനും കഴിഞ്ഞു .പക്ഷേ തുടങ്ങിയിടത്ത് നിന്ന് മുന്നോട്ട് പോകാൻ ഡോക്ടർ ജോ ജോസഫിന് കഴിഞ്ഞിട്ടില്ല. കർദിനാൾ അനുകൂലികളും പ്രതിയോഗികളും തമ്മിലുള്ള തർക്കം പോലും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് സ്റ്റാർട്ടിംഗ് ബ്ളോക്ക് ഉണ്ടാക്കിയിരിക്കുന്നു . 


അതേസമയം പിടിയോട് ഉണ്ടായിരുന്നത് വ്യക്തിപരമായ വിരോധമല്ല, നയത്തോടുള്ള എതിർപ്പാണെന്ന മാർ ജോസഫ് പാംപ്ളാനിയുടെ പ്രതികരണം എൽഡിഎഫിനെ വെട്ടിലാക്കി .ഉമ തോമസിനോട് എതിർപ്പില്ലെന്നാണ് തലശേരി ആർച്ച് ബിഷപ്പും കെസിബിസി മാധ്യമ കമ്മീഷൻ ചെർമാനുമായ മാർ പാംപ്ളാനി തുറന്നുപറഞ്ഞത് .ഇത് യുഡിഎഫിന് ഊർജ്ജമായി. മാത്രമല്ല സഭയുടെ എതിർപ്പിൽ പോലും തൃക്കാക്കരയിൽ വെന്നിക്കൊടി പാറിച്ച പി ടി തോമസിന്റെ മതേതര കാഴ്ചപ്പാടും ഉമ തോമസിന് കരുത്താണ് . ഉമയെ തള്ളിക്കളഞ്ഞ് മണ്ഡലത്തിന് പുറത്തുള്ള ഒരാളെ സ്വീകരിക്കേണ്ട ആവശ്യം തൃക്കാക്കരക്ക് ഇല്ലതാനും . ആദ്യ റൗണിലെ യുഡിഎഫിൻറ ഈ മുന്നേറ്റത്തെ ചെറുക്കാൻ പുതിയ തന്ത്രം പയറ്റേണ്ടിവരും എൽഡിഎഫിന്  


കെ-റെയിലും വികസനവും  


കെ -റെയിൽ കല്ലിടലും തടയലും എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിൽ ക്രമസമാധാന പ്രശ്നമായി വളർന്നതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് വരുന്നത് .സ്വാഭാവികമായും കെ-റെയിൽ സംവാദമായി വളരുമെന്നുറപ്പാണ് . എന്നാൽ സംഘർഷമുണ്ടായ സ്ഥലങ്ങൾ അധികവും മണ്ഡലത്തിന് പുറത്താണ് . എങ്കിലും വിഷയം ആളിക്കത്തിക്കാൻ യുഡിഎഫ് ശ്രമിക്കുന്നുണ്ട്. വികസന കാര്യത്തിൽ മുന്നിൽ നിൽക്കുന്ന തൃക്കാക്കരയിൽ വികസനം പറഞ്ഞുതന്നെ വോട്ടുപിടിക്കുകയാണ് എൽഡിഎഫ് .അതിന് കെ-റെയിൽ ഉപയോഗിക്കുന്നുമുണ്ട്.  


ബിജെപിയും സിൽവർലൈൻ പ്രചാരണായുധമാക്കുന്നു .ഇടഞ്ഞുനിൽക്കുന്ന ട്വന്റി ട്വന്റിയെ നിശബ്ദമാക്കാൻ സിൽവർലൈൻ സംവാദം എൽഡിഎഫ് ഉപയോഗിക്കുന്നുമുണ്ട്. വികസന വിരോധികൾക്ക് എതിരായ നിലപാട് സ്വീകരിക്കുന്ന ട്വന്റി ട്വന്റി നേതൃത്വത്തിന് എങ്ങിനെയാണ് സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവരെ പിന്തുണക്കാൻ കഴിയുന്നതെന്നാണ് മന്ത്രി പി രാജീവ് ചോദിക്കുന്നത് . എൽഡിഎഫ് പ്രചാരണത്തിന്റെ കുന്തമുന കൂടിയാണ് ഈ പ്രതിരോധം . 


 സംസ്ഥാന ഭരണത്തെ ഒരു തരത്തിലും ബാധിക്കാത്ത ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമാണ് ഉത്സവമാകുന്നത്. സമീപ മണ്ഡലങ്ങളിൽ പോലും അതത്ര കാര്യമാകുന്നുമില്ല . എന്നാൽ ഭരണത്തെ ഉരച്ചുനോക്കുന്നതാവും തൃക്കാക്കര ഫലമെന്ന് മുഖ്യമന്ത്രിയെ കൊണ്ട് പറയിപ്പിക്കാൻ യുഡിഎഫ് ലക്ഷ്യമിടുന്നുണ്ട്. ഉറച്ച കോട്ട കൈവിട്ടാൽ കോൺഗ്രസിലെ പടല പിണക്കം ഉച്ചസ്ഥായിയിൽ എത്തും എന്ന് മാത്രമല്ല യുഡിഎഫ് കെട്ടുറപ്പിനെയും സാരമായി ബാധിക്കും . അതിനാൽ ഭൂരിപക്ഷം കുറയ്ക്കാതെ തന്നെ ഉമ തോമസിനെ വിജയിപ്പിച്ചെടുക്കുക സതീശൻ-സുധാകരൻ ടീമിന്റെ ഉത്തരവാദിത്തമായി മാറുന്നു . 


വോട്ടുവിഹിതം കൂടുന്നത് പോലും ഗുണകരമാകുമെങ്കിലും ഭരണത്തിന്റെ എല്ലാ സൗകര്യവും ഉപയോഗിച്ച് തൃക്കാക്കര കീഴടക്കിയാൽ സിപിഎംനും എൽഡിഎഫിനും ഐതിഹാസിക നേട്ടമാകും.അതിനാൽ തന്നെയാണ് നേതാക്കളുടെ വൻ സംഘം തന്നെ ക്യാമ്പ് ചെയ്ത് തൃക്കാക്കരയുടെ മനസ് കീഴടക്കാൻ ഭഗീരഥ പ്രയത്നം ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.