Thrissur Pooram 2023: പൂരലഹരിയിൽ നാടും നഗരവും; വടക്കുംനാഥന്റെ മണ്ണിൽ ഇന്ന് തൃശൂർ പൂരം
Vadakkumnathan Temple: 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് പൂരത്തിനുണ്ടാകുക. രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് വടക്കുംനാഥന്റെ സന്നിധിയിൽ ആദ്യമെത്തുക.
തൃശൂര്‍: പൂരങ്ങളുടെ പൂരമെന്ന് പ്രശസ്തമായ വിശ്വപ്രസിദ്ധ തൃശൂര്‍ പൂരം ഇന്ന്. വടക്കുംനാഥ ക്ഷേത്രത്തിലും തേക്കിന്‍കാട് മൈതാനിയിലുമാണ് പൂരം അരങ്ങേറുക. മേടമാസത്തിലെ പൂരം നാളിലാണ് തൃശൂര്‍ പൂരം. ശനിയാഴ്ച നെയ്തലക്കാവിലമ്മ വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരനട തുറന്ന് പൂര വിളംബരം നടത്തിയതോടെയാണ് പൂരത്തിന് തുടക്കമായത്. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് പൂരത്തിനുണ്ടാകുക. രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് വടക്കുംനാഥന്റെ സന്നിധിയിൽ ആദ്യമെത്തുക.
പിന്നീട് ക്രമത്തില്‍ ഏഴ് ഘടകപൂരങ്ങളും വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്തെത്തും. നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, ലാലൂര്‍ ഭഗവതി ക്ഷേത്രം, ചെമ്പുക്കാവ് ഭഗവതി ക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാണ് ഘടകപൂരങ്ങളെത്തുക. മഠത്തില്‍ വരവിനായി രാവിലെ എട്ട് മണിയോടെ ആനപ്പുറത്ത് പുറപ്പെടുന്ന തിരുവമ്പാടി ഭഗവതി ബ്രഹ്മസ്വം മഠത്തിലെത്തി പൂജക്ക് ശേഷം പത്തരയോടെ ഭഗവതിയുടെ പ്രസിദ്ധമായ മഠത്തില്‍ നിന്നുള്ള വരവ് ആരംഭിക്കും. തിരുവമ്പാടി ചന്ദ്രശേഖരനാണ് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുക. മൂന്ന് ആനപ്പുറത്തേറിയാണ് മഠത്തില്‍ വരവ് തുടങ്ങുക.
തുടര്‍ന്ന് മഠത്തില്‍ വരവ് പഞ്ചവാദ്യം ആരംഭിക്കും. കൊങ്ങാട് മധുവാണ് ഇത്തവണത്തെ പഞ്ചവാദ്യത്തിന്റെ പ്രമാണി. മഠത്തിൽ വരവ് സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുന്നതോടെ ഏഴ് ആനകളാകും. എഴുന്നള്ളിപ്പ് മൂന്ന് മണിയോടെ നായ്ക്കനാലിലെത്തും. ഇതോടെ പഞ്ചവാദ്യം അവസാനിച്ച് മേളം ആരംഭിക്കും. ചേരാനെല്ലൂര്‍ ശങ്കരന്‍ കുട്ടന്‍ മാരാരാണ് മേള പ്രമാണി. ഇതോടെ പതിനഞ്ച് ആനകൾ നിരക്കും. ശ്രീമൂലസ്ഥാനത്ത് അഞ്ച് മണിയോടെ മേളം കലാശിക്കും. പടിഞ്ഞാറെ ഗോപുരം വഴി അകത്ത് കടന്ന് തെക്കേ ഗോപുരനട വഴി പുറത്തേക്ക് എഴുന്നള്ളിപ്പുണ്ടാകും. ഉച്ചക്ക് 12 മണിയോടെയാണ് പാറമേക്കാവിന്റെ പൂരം പുറപ്പാട്. ഭഗവതി പതിനഞ്ചാനപ്പുറത്ത് വടക്കുംനാഥക്ഷേത്രത്തിലേക്ക് പുറപ്പെടും. പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് ഗുരുവായൂര്‍ നന്ദനാണ്.
ALSO READ: Thrissur Pooram 2023: നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരമിറങ്ങി; തൃശൂർ പൂരത്തിൻറെ ചടങ്ങുകൾക്ക് തുടക്കം
അകമ്പടിയായി കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം ഉണ്ടാകും. രണ്ട് മണിയോടെ ക്ഷേത്ര മതിലിനകത്തെ ഇലഞ്ഞിച്ചുവട്ടിലെത്തും. ഇതോടെ ഇലഞ്ഞിത്തറ മേളത്തിന് തുടക്കമാകും. അഞ്ച് മണിയോടെ മേളം കലാശിക്കും. തുടർന്ന് പാറമേക്കാവ് ഭഗവതി കുടമാറ്റത്തിനായി തെക്കോട്ടിറങ്ങും. കുടമാറ്റത്തിനായി ആദ്യം പാറമേക്കാവാണ് പുറത്തിറങ്ങുക. പാറമേക്കാവിന് പിന്നാലെ തിരുവമ്പാടിയും കുടമാറ്റത്തിനായി തെക്കോട്ടിറങ്ങും. പതിനഞ്ച് ആനകൾ തെക്കേ ഗോപുരവാതിലിന് സമീപം പാറമേക്കാവ് വിഭാഗത്തിന് അഭിമുഖമായി നിരക്കും. ഇതോടെ കുടമാറ്റത്തിന് തുടക്കമാകും. കുടമാറ്റം കാണാൻ ജനസാഗരമാണ് പൂരപ്പറമ്പിലേക്ക് എത്തുക.
മുപ്പത്തഞ്ചോളം സെറ്റ് കുടകളാണ് പാറമേക്കാവും തിരുവമ്പാടിയും മാറുക. കുടമാറ്റം പൂര്‍ത്തിയായി ഇരുഭഗവതിമാരും മടങ്ങുന്നതോടെ പകൽ പൂരം അവസാനിച്ച് രാത്രി പൂരത്തിന് തുടക്കമാകും. രാവിലെ നടന്ന പൂരങ്ങളുടെ ആവര്‍ത്തനമാണ് രാത്രിയിലും ഉണ്ടാകുക. പാറമേക്കാവില്‍ പാണ്ടിമേളത്തിന് പകരം പഞ്ചവാദ്യമായിരിക്കും. ചോറ്റാനിക്കര നന്ദപ്പന്‍ മാരാര്‍ പഞ്ചവാദ്യത്തിന് പ്രമാണിയാകും. പൂരം കഴിഞ്ഞ് പുലര്‍ച്ചെ ഇരുഭഗവതിമാരും പന്തലിലെത്തി നിലപാട് നില്‍ക്കും. ഇതോടെ വെടിക്കെട്ട് ആരംഭിക്കും. ഇരുഭഗവതിമാരും തിങ്കളാഴ്ച രാവിലെ വീണ്ടും പതിനഞ്ച് ആനപ്പുറത്ത് എഴുന്നള്ളും. ഉച്ചയോടെ ശ്രീമൂലസ്ഥാനത്തെത്തി ഉപചാരം ചൊല്ലിപ്പിരിയും. ഇതോടെ ഇക്കൊല്ലത്തെ പൂരച്ചടങ്ങുകള്‍ സമാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...